തൃശൂർ
സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന അന്വേഷണ പ്രഹസനം തുടരുന്നു. ഓരോ ദിവസവും ഇഡിക്കു പിന്നാലെ മാധ്യമങ്ങളും, തുടർന്ന് മാധ്യമ വാർത്തകൾക്ക് പിന്നാലെ ഇഡിയും എന്ന നിലയിലാണ് കാര്യങ്ങൾ. ക്രമക്കേട് നടത്തിയെന്ന് പറയുന്നവരെയെല്ലാം സിപിഐ എമ്മുമായി ബന്ധപ്പെടുത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.
അയ്യന്തോൾ സഹകരണ ബാങ്കിൽ 40 കോടി രൂപ വെളുപ്പിച്ചെന്ന യുഡിഎഫ് അനുകൂല പത്രത്തിന്റെ വാർത്തയുടെ ലക്ഷ്യവും ഇതാണ്. എന്നാൽ, വാർത്തയ്ക്കുള്ളിൽ ഏകദേശം ഒരു കോടി രൂപയുടെ പണമിടപാടിനേക്കുറിച്ചേ പറയുന്നുള്ളു. വാർത്തയുടെ പിന്നാലെ ഇഡിയുടെ ആറംഗസംഘം അയ്യന്തോളിലും പരിശോധനക്കെത്തി. ഉറവിടം വ്യക്തമാക്കാതെ ഏതൊരു വ്യക്തിക്കും ബാങ്കുകളിൽ പണം നിക്ഷേപിക്കാം എന്നിരിക്കെ നിക്ഷേപകരെ അകറ്റാനുള്ള നടപടിയാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. സഹകരണ സ്ഥാപനങ്ങളെ തകർച്ചയിലാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് ഇഡിയുടെ പരിശോധന നടക്കുന്ന ചിലയിടങ്ങളിൽ ജനം മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞെങ്കിലും, സിപിഐ എം നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.