കോഴിക്കോട്
നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലിനെ വിലകുറച്ചുകാട്ടാൻ ബാലിശവാദങ്ങളുമായി വീണ്ടും മലയാള മനോരമ. കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ കുത്തിനിറച്ച നുണകൾ അതേപടി എഡിറ്റോറിയലിൽ ആവർത്തിക്കുകയാണ് യുഡിഎഫ് പത്രം. പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസംഘങ്ങളടക്കം പിന്തുണയ്ക്കുമ്പോഴാണ് ഈ മാധ്യമ വിചാരണ.
കോഴിക്കോട് ജില്ലയെ നിപാ ഭീതിയിലേക്ക് അകാരണമായി തള്ളിവിട്ടു എന്നാണ് ആക്ഷേപം. എന്നാൽ, പ്രതിരോധം പാളിയെന്ന് വാർത്തനൽകി ജനങ്ങളെ ഭീതിയിലാഴ്ത്തിയത് മനോരമയാണ്. രോഗം തുടക്കത്തിൽ കണ്ടെത്താനായില്ലെന്നും ആവർത്തിക്കുന്നുണ്ട്. പനിവന്ന് മരിച്ച മുഹമ്മദലി കരൾ രോഗിയായിരുന്നു. ന്യുമോണിയയും ബാധിച്ചിരുന്നു. മക്കൾക്കും മറ്റു രണ്ടുപേർക്കും പനിലക്ഷണം കണ്ടതോടെയാണ് നിപാ സംശയം ഉയർന്നത്. തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതയോടെ ഇടപെട്ടു. മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് സ്രവങ്ങൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. രണ്ടാമത് മരിച്ച ഹാരിസിന് മുഹമ്മദലിയിൽനിന്ന് സമ്പർക്കമുണ്ടായി എന്ന് കണ്ടെത്തിയതും നിർണായകമായി. മരിച്ചനിലയിലാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതിരുന്നത് ഗുണമായി. ഫലം വന്നശേഷം നിപാ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്. കുറ്റമറ്റനിലയിൽ സമ്പർക്ക പട്ടിക തയ്യാറാക്കിയതുകൊണ്ടാണ് ആറുപേരിൽ രോഗബാധ ഒതുക്കാനായത്.
ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യവകുപ്പും തമ്മിൽ ഭിന്നതയുണ്ടെന്നതിന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തന്നെ മറുപടി നൽകിയിട്ടും നുണ ആവർത്തിക്കുന്നു. നിപാ പരിശോധനയ്ക്കുള്ള ലാബ് സംവിധാനം കേരളത്തിൽ സജ്ജമാണ്. കേന്ദ്ര മാനദണ്ഡമനുസരിച്ച് രോഗം സ്ഥിരീകരിക്കാൻ പുണെ എൻഐവിക്ക് മാത്രമേ സാധിക്കൂ. സംസ്ഥാനത്തിന്റെ അഭ്യർഥന മാനിച്ചാണ് എൻഐവിയുടെ മൊബൈൽ ലാബ് കോഴിക്കോട്ടെത്തിച്ചത്.