അബുദാബി > അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യുഎഇയിൽ മടങ്ങിയെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രതിനിധികൾ നെയാദിയെ സ്വീകരിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവർ ചേർന്നാണ് നെയാദിയെ സ്വീകരിച്ചത്. താൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയ യുഎഇ പതാക ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് നെയാദി സമ്മാനിച്ചു.
നെയാദിയുടെ കുടുംബവും സ്വദേശികളും വിദേശികളുമടക്കം വലിയ ജനക്കൂട്ടവും സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ യുഎഇ സമയം വൈകിട്ട് 5:30 മുതൽ നെയാദിയുടെ മടങ്ങി വരവ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും അൽ നെയാദി സംസാരിക്കുന്നതിന്റെ വീഡിയോയും സ്പേസ് സെന്റർ പങ്കിട്ടു. യുഎഇ നേതൃത്വത്തോടുള്ള നന്ദി നെയാദി അറിയിച്ചു. അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സെപ്റ്റംബർ 4നാണ് നെയാദി തിരികെ ഭൂമിയിൽ എത്തിയത്.