മസ്ക്കറ്റ് : മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതഞ്ജലി 2023, വാർഷിക കാവ്യാലാപന മത്സരത്തിന്റെ ഫൈനൽ മത്സരത്തിലേക്ക് ഒമാൻ ചാപ്റ്ററിൽ നിന്നുള്ള മൂന്നു വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേശ് ( സോഹാർ മേഖല), ദിയ ആർ നായർ ( സോഹാർ മേഖല) എന്നിവരും ജൂനിയർ വിഭാഗത്തിൽ പല്ലവി അഭിലാഷു(സൂർ മേഖല)മാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ മുപ്പതിനാണ് സെലക്ഷൻ മത്സരം നടന്നത്. മത്സരാർത്ഥികളുടെ എണ്ണക്കൂടുതൽ, വിവിധ സമയമേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത് ഓൺലൈൻ മത്സരം ഒഴിവാക്കി നിശ്ചിത സമയ പരിധിക്കുള്ളിൽ വീഡിയോ റെക്കോർഡ് ചെയ്തയക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരുന്നത്. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ ഇരുനൂറു കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ വിഭാഗത്തിൽ 86 പേരും ജൂനിയർ വിഭാഗത്തിൽ 77 പേരും സീനിയർ വിഭാഗത്തിൽ 37 പേരുമാണ് പങ്കെടുത്തത്. ഒരാേ വിഭാഗത്തിൽ നിന്നും പത്തു പേരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്. മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാണ്മ 2024 നോടനുബന്ധിച്ചാണ് ഗ്രാൻഡ് ഫിനാലെ നടത്തുക.
മലയാളം മിഷൻ ഭരണസമിതി അംഗവും കവയിത്രിയുമായിരുന്ന സുഗതകുമാരിയ്ക്ക് ആദരമായി വർഷം തോറും മിഷൻ നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഓരോ വർഷവും വ്യത്യസ്ത കവികളുടെ കവിതകളാണ് കുട്ടികൾക്ക് ആലപിക്കാനായി തെരഞ്ഞെടുക്കാവുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളാണ് ഇത്തവണ കുട്ടികൾക്ക് നൽകിയിരുന്നത്.