തിരുവനന്തപുരം
കേരളത്തെ ഇകഴ്ത്തികാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അഭിമാനമായ പൊതുമേഖലാ മരുന്ന് നിർമ്മാണ സ്ഥാപനം കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെതിരെയും (കെഎസ്ഡിപി) ഇല്ലാകഥമെനഞ്ഞ് സിഎജി. കമ്പനിയിലെ നന്നായി പ്രവർത്തിക്കുന്ന ബീറ്റാലാക്ടം ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റ് പ്രവർത്തനരഹിതമെന്നാണ് സിഎജി റിപ്പോർട്ടിൽ അച്ചടിച്ചുവച്ചിരിക്കുന്നത്. ഇത് ചില മാധ്യമങ്ങൾ ആഘോഷവുമാക്കി. എന്നാൽ, ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റ് അടക്കമുള്ള ആധുനികമായ ഉൽപ്പാദന സംവിധാനംവഴി 2011 മുതൽ കമ്പനി തുടർച്ചയായി ലാഭത്തിലാണ്. ആന്ധ്ര, തെലങ്കാന ഉൾപ്പെടെ സംസ്ഥാന സർക്കാരുകൾക്കും ഈ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ഇൻജക്ഷൻ മരുന്ന് എത്തിക്കുമ്പോഴാണ് അത് ഉപയോഗശൂന്യമാണെന്ന സിഎജി പരാമർശം. തകർച്ചയുടെ പടുകുഴിയിൽനിന്ന് സംസ്ഥാന സർക്കാർ കെെപിടിച്ചുകയറ്റിയ സ്ഥാപനമാണ് കെഎസ്ഡിപി.
ജീവൻനൽകിയത്
എൽഡിഎഫ്
2003 മുതൽ 2004 വരെ കെഎസ്ഡിപി പ്രവർത്തനം സ്തംഭനാവസ്ഥയിലായിരുന്നു. 2006ൽ ചുമതലയേറ്റ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കമ്പനി നവീകരണത്തിന് തുടക്കമിട്ടു. 2009ൽ ബീറ്റാലാക്ടം പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. പുനരുദ്ധാരണ പദ്ധതിയിൽ ബീറ്റാലാക്ടം ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റും ആധുനിക ലബോറട്ടറിയും ഉൾപ്പെടുത്തി. യന്ത്രസാമഗ്രികൾക്ക് ഓർഡർ നൽകി. ലാബിന്റെ നിർമാണം തുടങ്ങി. 2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇതിന്റെ തുടർപ്രവർത്തനങ്ങൾ നിലച്ചു. ഇൻജക്ഷൻ പ്ലാന്റിന് എത്തിച്ച മിഷനറി സ്ഥാപിച്ചില്ല. പിന്നീട് 2016ൽ ചുമതലയേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ് നിർമാണപ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കിയത്. 2017 ഫെബ്രുവരിയിൽ ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റ് ഉദ്ഘാടനംചെയ്തു. 2019-ൽ നോൺ ബീറ്റാലാക്ടം പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. കെഎസ്ഡിപി ലാബിന് എൻഎബിഎൽ അക്രഡിറ്റേഷൻ നേടിയെടുത്തു.
ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം നിർഭാഗ്യകരം
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമ നിബന്ധനകൾ പ്രകാരമുള്ള നിർമാണസംവിധാനമായി കമ്പനിയിലെ എല്ലാ ഉൽപ്പാദന പ്രവർത്തനങ്ങളും മാറിയതായി ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു. മുൻകാല ബാധ്യതകൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പല പൊതുമേഖല ഔഷധനിർമാണ കമ്പനികളും പൂട്ടിക്കിടക്കുമ്പോഴാണ് കെഎസ്ഡിപിയുടെ മുന്നേറ്റം. അതിനെ ഇകഴ്ത്തിക്കാട്ടാൻ ഏതു ഭാഗത്തുനിന്ന് ശ്രമമുണ്ടായാലും നിർഭാഗ്യകരമാണെന്നും ചന്ദ്രബാബു പറഞ്ഞു.