തിരുവനന്തപുരം
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാർ കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ. ഇടുക്കി ഇടമലക്കുടിയിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുമടക്കം 52,326 വോട്ടർമാരാണ് ഒളവണ്ണ പഞ്ചായത്തിലുള്ളത്. ഇടമലക്കുടിയിൽ 941 പുരുഷന്മാരും 958 സ്ത്രീകളുമുൾപ്പെടെ 1899 വോട്ടർമാരാണുള്ളത്.
നഗരസഭകളിൽ വോട്ടർമാർ കൂടുതൽ ആലപ്പുഴയിലാണ്. 1,32,641 പേരാണ് ആലപ്പുഴയിൽ ആകെ സമ്മതിദായകർ. ഇവരിൽ 63,009 പുരുഷന്മാരും 69,630 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുമാണ്. കൂത്താട്ടുകുളം നഗരസഭയിലാണ് വോട്ടർമാർ കുറവ്. 14,522 വോട്ടർമാരുള്ള ഇവിടെ 6929 പുരുഷന്മാരും 7593 സ്ത്രീകളുമുണ്ട്. ഏറ്റവുമധികം വോട്ടർമാരുള്ളത് തിരുവനന്തപുരം കോർപറേഷനിലാണ്. തലസ്ഥാന നഗരിയിലെ 8,03,779 സമ്മതിദായകരിൽ 3,85,231 പുരുഷന്മാരും 4,18,540 സ്ത്രീകളും എട്ട് ട്രാൻസ്ജെൻഡറുമുണ്ട്. കുറഞ്ഞ വോട്ടർമാരുള്ള കണ്ണൂരിൽ 85,503 പുരുഷന്മാരും 1,02,024 സ്ത്രീകളുമടക്കം 1,87,527 പേരുമുണ്ട്.
കരട് വോട്ടർപ്പട്ടികയിലെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 2,76,70,536 വോട്ടർമാരാണുള്ളത്. ഇവരിൽ 1,31,78,517 പുരുഷന്മാരും 1,44,91,779 സ്ത്രീകളുമാണ്. വോട്ടർമാരുടെ എണ്ണം ജില്ലതിരിച്ച്: തിരുവനന്തപുരം 2840060, കൊല്ലം 2223844, പത്തനംതിട്ട 1078894, ആലപ്പുഴ 1783734, കോട്ടയം 1614006, ഇടുക്കി 905161, എറണാകുളം 2590097, തൃശൂർ 2692064, പാലക്കാട് 2337644, മലപ്പുറം 3356438, കോഴിക്കോട് 2533963, വയനാട് 625722, കണ്ണൂർ 2039963, കാസർകോട് 1048946.
വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ 23 വരെ അവസരമുണ്ട്. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേരുചേർക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് മുഖാന്തരം പുതിയ പേരുകൾ ചേർക്കാനും ഒഴിവാക്കാനും തിരുത്താനുമാകും. വെബ്സൈറ്റ്: www.sec.kerala.gov.in. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ, ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ വഴിയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.