കാഞ്ഞങ്ങാട്
തീരദേശ ജനതയെ സമരോത്സുകരാക്കി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രചാരണ കാൽനട ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ നയിക്കുന്ന ജാഥ ആദ്യദിവസം അജാനൂർ കടപ്പുറത്തുനിന്ന് പര്യടനം ആരംഭിച്ച് ഹൊസ്ദുർഗ് കടപ്പുറം, മരക്കാപ്പ് കടപ്പുറം, തൈക്കടപ്പുറം ആശുപത്രി റോഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഴിത്തലയിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും കതിനവെടികൾ പൊട്ടിച്ചും മാലിയിട്ടും തീരദേശവാസികൾ സ്നേഹം പങ്കിട്ടു.
സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ പി പി ചിത്തരഞ്ജൻ, വൈസ് ക്യാപ്റ്റന്മാരായ യു സൈനുദീൻ, ടി മനോഹരൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 16ന് നടക്കുന്ന കടൽ സംരക്ഷണശൃംഖലയുടെ പ്രചാരണാർഥമുള്ള ജാഥ 13ന് പൂന്തുറയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.