മസ്കറ്റ് > ഇന്ത്യൻ സ്കൂൾ മസ്കറ്റ് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗിന് നിവേദനം സമർപ്പിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ വച്ചാണ് നിവേദന സമർപ്പണം നടന്നത്. ഇതിനു മുന്നോടിയായി നടന്ന ഒപ്പു ശേഖരണത്തിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ് ഡയറക്ടർ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ വിഷയങ്ങളാണ് നിവേദനത്തിൽ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയത്.
പല സ്കൂളുകളിലും വിദ്യാർഥികളുടെ എണ്ണം നിഷ്കർഷിക്കപ്പെട്ടിരിക്കുന്നതിലും വളരെക്കൂടുതലാണ്. ഇത് വിദ്യാർത്ഥി-അധ്യാപക അനുപാതത്തിൽ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്വകാര്യ ട്യൂഷൻ സ്കൂളിന്റെ വിദ്യാഭ്യാസനിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്കൂൾ ഡയറക്ടർ ബോർഡിന്റെ കീഴിലുള്ള അക്കാഡമിക് സബ് കമ്മിറ്റി നടപ്പിൽ വരുത്തിയ കേന്ദ്രീകൃത ബുക്ക് പർച്ചെസിങ്ങ് സമ്പ്രദായവുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളും പരാതികളും നിലനിൽക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രക്ഷിതാക്കളുടെ പരാതിയെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുമെന്നും അംബാസിഡർ പറഞ്ഞു. ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ, ബോർഡ് ചെയർമാന് നൽകിയ നിവേദനം പരിഗണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പുതിയ പ്രിൻസിപ്പൽ ഉടൻ ചുമതല ഏറ്റെടുക്കുമെന്ന വിവരം ലഭിച്ചതായും രക്ഷിതാക്കളുടെ കൂട്ടായ്മയിലെ അംഗങ്ങളായ വിജയൻ കെ വി, സുഗതൻ എന്നിവർ അറിയിച്ചു.