തിരുവനന്തപുരം> സോളാർ ലൈംഗിക പീഡന ആരോപണത്തിലെ ഗൂഢാലോചനയിൽ സിബിഐ തന്നെ കേസെടുത്ത് തുടർന്ന് അന്വേഷിച്ചാലും തെളിവുകൾ എത്തുക കോൺഗ്രസ് നേതൃനിരയിലെ പ്രധാനികളിലേക്ക്. സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനും പീഡനം അന്വേഷിച്ച സിബിഐക്കും ഇതുസംബന്ധിച്ച് കൃത്യമായ ചില വിവരങ്ങൾ ലഭ്യമായിരുന്നു. യുഡിഎഫ് ഘടകകക്ഷി നേതാക്കളെ മുന്നിൽനിർത്തി ഉമ്മൻചാണ്ടിയിലേക്ക് ആരോപണം എത്തിക്കാൻ കളിച്ചത് ചില കോൺഗ്രസ് നേതാക്കൾ തന്നെയാണെന്ന് വ്യക്തമാകുന്നതാണ് സാഹചര്യ തെളിവുകളും.
അന്വേഷണമുണ്ടായാൽ, ദല്ലാൾ നന്ദകുമാറുമായി ദീർഘകാലമായി അടുപ്പമുള്ള ചില കോൺഗ്രസ് നേതാക്കൾ നേരിട്ടും ദൂതർ വഴിയും നടത്തിയ ഇടപെടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. ശരണ്യ മനോജുമായുള്ള ഇടപെടലുകളും സംഭാഷണങ്ങളും ഗൂഢാലോചനയിലെ ഉള്ളുകള്ളികളിലേക്കാകും വെളിച്ചം വീശുക. ഇവരിൽ ചിലർക്ക് അക്കാലത്ത് കോൺഗ്രസ് നേതാക്കൾ വിമാന ടിക്കറ്റ് എടുത്തുകൊടുത്തത് എന്തിനെന്ന അന്വേഷണവും പ്രധാനമായിരിക്കും.
രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ മുഖ്യമന്ത്രി കസേര സ്വന്തമാക്കാൻ സോളാർ കേസ് ഉപയോഗിച്ചെന്ന് കത്ത് സംഘടിപ്പിച്ച് വാർത്താചാനലിന് എത്തിച്ച ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി അറിയാതെ നടന്ന അറസ്റ്റുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾക്കെതിരെ കെ സി ജോസഫ് രംഗത്തുവന്നിരുന്നു. ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ഇപ്പോൾ ഔദ്യോഗിക പക്ഷത്താണെങ്കിലും ഉമ്മൻചാണ്ടിയോടൊപ്പം ഗൾഫ് യാത്രയ്ക്കുണ്ടായിരുന്ന ടി സിദ്ദിഖിനും പല കാര്യങ്ങളും അറിയാമെന്നും പറയുന്നു.
കമീഷനിൽ ചാരി തടിയൂരാൻ തിരുവഞ്ചൂർ
ഗൂഢാലോചനയുടെ കുന്തമുന തനിക്കു നേരെ തിരിഞ്ഞതിൽ അസ്വസ്ഥനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിക്കുന്നത് എല്ലാ കുറ്റങ്ങളും ജസ്റ്റിസ് ശിവരാജൻ കമീഷന്റെ തലയിലിടാൻ. തട്ടിപ്പ്മാത്രം അന്വേഷിക്കാൻ ഏൽപ്പിച്ച കമീഷൻ എന്തിന് ലൈംഗിക പീഡനംകൂടി തിരഞ്ഞുവെന്ന് ചാനൽ അഭിമുഖത്തിൽ തിരുവഞ്ചൂർ ചോദിച്ചു. അതിനോട് കണ്ണടച്ചിരുന്നെങ്കിൽ ഈ കോലാഹലങ്ങൾ ഉണ്ടാകില്ലായിരുനനു. ഗൂഢാലോചനയിൽ പങ്കില്ല. ലൈംഗിക പീഡനാരോപണം ഇത്ര വഷളാക്കിയതിനു പിന്നിൽ ശിവരാജൻ കമീഷനാണ്.
ഇനിയൊരു അന്വേഷണം നടത്തി അടിവേരുകൾ ചികയാനുള്ള നീക്കം ആവശ്യമില്ല. സിബിഐ ചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അവർതന്നെ അതിലൊരു തീരുമാനമെടുക്കട്ടെ. നമ്മൾ അതിൽ ഇടപെടേണ്ട എന്നുതന്നെയാണ് കെപിസിസിയും യുഡിഎഫും ധാരണയിലെത്തിയിട്ടുള്ളത്. അതിനൊപ്പമാണ് താൻ. ഇനിയും ഉമ്മൻചാണ്ടിയെ വലിച്ചിഴയ്ക്കരുത്. എന്നെ വളഞ്ഞു പിടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അത്തരം ‘രാസപ്രയോഗ’ ങ്ങൾ ശരിയല്ലെന്നും കെ സി ജോസഫിന്റെ പ്രതികരണങ്ങൾക്ക് മറുപടിയായി ചാനൽ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു.
അടഞ്ഞ അധ്യായം: കുഞ്ഞാലിക്കുട്ടി
മലപ്പുറം > സോളാർ കേസ് അടഞ്ഞ അധ്യായമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. മലപ്പുറത്ത് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് സിബിഐ തെളിയിച്ചു. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ല. ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനും അദ്ദേഹം തയ്യാറായില്ല. അതിലൊരു പുതിയ പ്രതികരണം വേണ്ടെന്നും വന്നിടത്തോളം പ്രതികരണങ്ങൾ ദോഷമേ ചെയ്തിട്ടുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.