ന്യൂഡൽഹി> കള്ളപ്പണനിരോധന നിയമം ലംഘിച്ചതിന് അദാനി ഗ്രൂപ്പുമായി അടുത്തബന്ധമുള്ള കമ്പനിയുടെ ലൈസൻസ് മൗറീഷ്യസ് റദ്ദാക്കി. അദാനി കമ്പനികളുടെ ഓഹരി വൻതോതിൽ വാങ്ങിക്കൂട്ടിയ രണ്ടു കമ്പനിയുടെ മുഖ്യ ഓഹരി ഉടമയായ എമെർജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ (ഇഐഎഫ്എം) ലൈസൻസാണ് മൗറീഷ്യസ് ഫിനാൻസ് സർവീസ് കമീഷൻ (എഫ്എസ് സി) റദ്ദാക്കിയത്.
അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻബെർഗ് വെളിപ്പെടുത്തൽ പുറത്തുവരുന്നതിന് എട്ടു മാസംമുമ്പാണ് നടപടിയെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും കോർപറേറ്റുകളെ നിയന്ത്രിക്കുന്നതിനും മൗറീഷ്യസിൽ നിലവിലുള്ള നിരവധി നിയമം ഇഐഎഫ്എം ലംഘിച്ചെന്നാണ് കണ്ടെത്തൽ. കക്ഷികളുടെ വിശദാംശവും ഇടപാടുകളുടെ രേഖയും സൂക്ഷിച്ചില്ല, അക്കൗണ്ടിങ്–- ഓഡിറ്റിങ് മാനദണ്ഡം പാലിച്ചില്ല, കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള സംവിധാനം രൂപീകരിച്ചില്ല- തുടങ്ങിയവയാണ് കണ്ടെത്തൽ. ലൈസൻസ് റദ്ദാക്കിയ സാഹചര്യത്തിൽ ഇഐഎഫ്എം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും.
2018 മാർച്ച്– -ഏപ്രിലിലെ കണക്ക് പ്രകാരം ഇഐഎഫ്എമ്മിന്റെ മൗറീഷ്യസിലെ രണ്ടു കമ്പനിക്ക് അദാനി പവർ ലിമിറ്റഡിൽ 3.9 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിൽ 3.86 ശതമാനവും അദാനി എന്റർപ്രൈസ് ലിമിറ്റഡിൽ 1.73 ശതമാനവും ഓഹരികളുണ്ടായിരുന്നു.