തിരുവനന്തപുരം> സോളാർ ലൈംഗിക പീഡന ഗൂഢാലോചനയും ഇല്ലാത്ത മന്ത്രിസഭാ പുനഃസംഘടനയും സിപിഐ എമ്മിനെതിരെ പ്രയോഗിക്കാമെന്ന വ്യാമോഹം പൊളിഞ്ഞതോടെ നിപാ ‘പ്രതിരോധം പാളി’യെന്ന നുണയുമായി മനോരമ.
സിബിഐ റിപ്പോർട്ട് വച്ച് സോളാറിനു ‘പിന്നിൽ സിപിഐ എം’ എന്ന ലീഡും എഡിറ്റോറിയലും നിയമസഭാ പ്രസംഗങ്ങളുമടക്കം 30 വാർത്തയാണ് മനോരമ ഒറ്റ ദിവസം കൊടുത്തത്. ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഐ എമ്മാണെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം.
എന്നാൽ, യുഡിഎഫ് ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അങ്കലാപ്പ് കോൺഗ്രസിലും ഉമ്മൻചാണ്ടിയുടെ കുടുംബത്തിലുമായി. വീണ്ടും ലൈംഗിക പീഡന കഥകളിൽ കോൺഗ്രസ് നേതാക്കൾ നിറയുമെന്നും ഗൂഢാലോചനയുടെ അടിവേരുകൾ മുൻ ആഭ്യന്തരമന്ത്രിമാരിലേക്ക് എത്തുമെന്നും മനസ്സിലായി. ഉമ്മൻചാണ്ടിയുടെ കുടുംബം തുടരന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി. എൽഡിഎഫിനെതിരെ വലിയ സന്നാഹവുമായി പുറപ്പെട്ട മനോരമയ്ക്ക് സോളാറിൽ ‘സഡൺബ്രേക്ക്’ ഇടേണ്ടി വന്നു. അങ്ങനെയാണ്, മന്ത്രിസഭാ പുനഃസംഘടനയിലേക്ക് എന്ന വ്യാജ വാർത്തയിലേക്കും നിപാ പ്രതിരോധം പാളിയെന്ന നുണയിലേക്കും എത്തിയത്.
യുഡിഎഫ് നേതാക്കളടക്കം ഈ ആക്ഷേപം ഏറ്റുപറയാൻ തയ്യാറാകില്ല. അത്ര കൃത്യതയോടെയുള്ള പ്രതിരോധമാണ് സർക്കാർ ഇടപെട്ട് നടത്തിയത്. ഇപ്പോൾ ആശ്വാസ വാർത്തകൾ വരുന്നതും അതിന്റെ ഫലമാണ്. മറ്റു മാധ്യമങ്ങളിലെ വാർത്തകൾ അത് തെളിയിക്കുന്നുമുണ്ട്. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ജില്ലയിൽ ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിപായിൽ തങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന പ്രതിപക്ഷനിലപാടുപോലും മനോരമ വകവച്ചില്ല.