തിരുവനന്തപുരം
സിഎജി റിപ്പോർട്ടിൽ കേരളത്തിന്റെ റവന്യൂ കുടിശിക പെരുപ്പിച്ചുകാട്ടിയത്, സംസ്ഥാന സർക്കാർ പീഡിത പൊതുമേഖല സ്ഥാപനങ്ങളുടെ നിലനിൽപ്പിനായി നൽകിയ വായ്പകളുടെ പലിശയും ഗ്യാരന്റി കമീഷനുമടക്കം 6615 കോടി രൂപയടക്കം ഉൾപെടുത്തി. ഒപ്പം മുൻവർഷത്തെ നികുതികുടിശിക 151 കോടി കുറച്ചുവെന്നത് മൂടിവെയ്ക്കുകയും ചെയ്തു. നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് വരുത്തിതീർക്കാൻ രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയ റിപോർട്ടിലാണ് കള്ളക്കണക്ക്.
കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ്, റബ്കോ, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിലനിൽപ്പിനും പുനരുജ്ജീവനത്തിനുമായി നൽകിയ വായ്പകളുടെ പലിശ ഇനത്തിൽ 5980 കോടി രൂപയാണ് റവന്യു കുടിശ്ശികയിൽ ഉൾപ്പെടുത്തിയത്. ഇത്തരം പലിശ സ്ഥാപനത്തിലെ സർക്കാർ ഓഹരിയാക്കി മാറ്റുകയാണ് പതിവ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപറേഷനുകൾക്കും മറ്റും വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകിയവയിൽ ലഭിക്കേണ്ട കമീഷനായി 635 കോടി രൂപയുടെ കുടിശ്ശികയും റവന്യു കുടിശ്ശികയാക്കി.
2021ലെ നികുതി കുടിശ്ശിക 21,798 കോടി രൂപയാണെന്നാണ് എജിയുടെ മുൻകണക്കുകളിലുള്ളത്. 2022ൽ 21,647 കോടി രൂപയും. ഇതനുസരിച്ച് തൻവർഷം നികുതി കുടിശ്ശിക ഒഴിവാക്കി 151 കോടി രൂപയുടെ മുൻകുടിശ്ശിക പിരിച്ചെടുക്കാനായി. എന്നാൽ, എജിയുടെ കണക്കിൽ നികുതി കുടിശ്ശിക 28,258 കോടി രൂപയായി. പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് സർക്കാർ സഹായം ആവർത്തിച്ച് ആവശ്യപ്പെടുന്ന പൊതുമേഖല സേവന സ്ഥാപനങ്ങളിൽനിന്ന് ഈ ‘കുടിശ്ശിക’ സർക്കാർ പിരിച്ചെടുക്കുന്നില്ലെന്ന വിചിത്ര കണ്ടുപിടിത്തത്തിലൂടെ താൽപ്പര്യസംരക്ഷണത്തിനായാണ് എജി പ്രവർത്തിക്കുന്നതെന്ന് വ്യക്തം.
കോടതി നടപടികളിലുള്ളതും സർക്കാർ ബാധ്യതയിലാക്കി
കഴിഞ്ഞകാലങ്ങളിലെ റിപ്പോർട്ടിങ് രീതിയിൽനിന്ന് ഇത്തവണ വ്യത്യസ്തമായ സമീപനം സ്വീകരിച്ചതും സംശയാസ്പദമാണ്. എല്ലാവർഷവും എജി നൽകുന്ന നികുതി കുടിശ്ശിക കണക്കിൽ അഞ്ചുവർഷംമുമ്പുള്ള കുടിശ്ശിക, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടൈ കുടിശ്ശിക, കോടതി നടപടികളിലുള്ള കുടിശ്ശിക, സ്റ്റേയിലുള്ള കുടിശ്ശിക ഇങ്ങനെ വേർതിരിച്ചുള്ള കണക്ക് ലഭ്യമാക്കും.
ഇത്തവണ അതുമുണ്ടായില്ല. ഇതെല്ലാം സി ആൻഡ് എജി റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. റിപ്പോർട്ട് തയ്യാറാക്കി മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുള്ള ആക്ഷേപവും ശക്തമാണ്.
നിരീക്ഷണം വസ്തുതാപരമല്ല : ധനമന്ത്രി
സംസ്ഥാനത്തിന്റെ മൊത്തം റവന്യു കുടിശ്ശികയുമായി ബന്ധപ്പെട്ട് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ വസ്തുതാപരമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മുൻവർഷത്തെ റിപ്പോർട്ടിൽ നികുതി വകുപ്പിന്റെ കുടിശ്ശിക ഇനത്തിൽ പറഞ്ഞിട്ടുള്ള തുകയിൽനിന്ന് 420 കോടി രൂപ 2022ൽ കുറയുകയാണ് ചെയ്തത്. ഇത് ചരിത്രനേട്ടമാണ്.
2022-ലെ നികുതി കുടിശ്ശിക അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം 13,410 കോടിയാണ്. ഇതിൽ 258 കോടി പിരിച്ചെടുക്കാനായി. 987 കോടിയോളം അപ്പീൽ തീർപ്പാക്കിയതിലും ആംനസ്റ്റി പദ്ധതിയിലുമായി കുറഞ്ഞു. 12,900 കോടിയോളം രൂപ (96 ശതമാനം) ജിഎസ്ടി ഇതര നിയമപ്രകാരം നേരത്തേ നടത്തിയ അസസ്മെന്റിലുള്ളതാണ്. അതിൽ 5200 കോടിയോളം രൂപ വിവിധ സ്റ്റേകളിലും 6300 കോടി റവന്യു റിക്കവറി നടപടികളിലും ഉൾപ്പെട്ടിട്ടുള്ളതുമാണ്.
അനർഹർക്കും മരിച്ചവർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിയെന്നും അർഹതപ്പെട്ടവർക്ക് നൽകിയില്ലെന്നുമുള്ള നിരീക്ഷണങ്ങൾക്കും അർഥമില്ലാതായി. കഴിഞ്ഞ ആഗസ്ത് 31 വരെയുള്ള ഗുണഭോക്താക്കളുടെ തിരിച്ചറിയൽ രേഖയും ആധാറുമായി ബന്ധിപ്പിച്ചും മസ്റ്ററിങ്ങിലൂടെയും മരണപ്പെട്ടവരെയും ആവർത്തനം വന്നവരെയും ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു.