തിരുവനന്തപുരം
അറുപത് ലക്ഷത്തിലേറെ അശരണരുടെയും വയോധികരുടെയും ആശ്വാസമായ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ അവതാളത്തിലാക്കാൻ സി ആൻഡ് എജിയുടെ ഗൂഢനീക്കം. മുടക്കമില്ലാതെ പെൻഷൻ വിതരണം ഉറപ്പാക്കാനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയെ തകർക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം എജി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പെൻഷൻ കമ്പനിയിലെ പണമിടപാടുകളെക്കുറിച്ച് അവാസ്തവമായ കാര്യങ്ങൾ ഉൾപ്പെടുത്തിയത്.
2022 മാർച്ച് 31ന് അവസാനിച്ച വർഷത്തെ കണക്ക് എന്നപേരിൽ പെൻഷൻ കമ്പനി വായ്പ എടുത്തതും വിതരണം ചെയ്തതുമായ തുകകളിൽ 4478 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നാണ് പ്രിൻസിപ്പൽ എജി എസ് സുനിൽ രാജിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് വിവരിച്ചത്. 2017–-18ൽ പ്രവർത്തനം തുടങ്ങിയ കമ്പനി 2022 മാർച്ച് 31വരെ 31,991 കോടി രൂപ കടമെടുത്തെന്നും 24,994 കോടി രൂപ പലിശ സഹിതം തിരിച്ചടച്ചെന്നും ബാക്കി 7000 കോടി രൂപമാത്രമാണ് പെൻഷനായി വിതരണം ചെയ്തതെന്നും സ്ഥാപിക്കാനും നോക്കുന്നു. 2017–-18 മുതൽ ഇതുവരെ ക്ഷേമ പെൻഷനായി വിതരണം ചെയ്തത് 44,442 കോടി രൂപയാണ്. കമ്പനി നിർവഹിക്കുന്നത് ഒരു തുടർപ്രക്രിയയാണെന്നിരിക്കെ, ഒരുവർഷംമുമ്പുള്ള പ്രത്യേക ദിവസത്തെ തിരിച്ചടവ് കണക്കുമാത്രം പരിഗണിച്ച് പെൻഷൻ വിതരണത്തിന്റെ തുക നിശ്ചയിക്കുകയാണ് ഓഡിറ്റിൽ നടന്നത്. ഒരു അക്കൗണ്ടന്റിനുപോലും പറ്റാത്ത അബദ്ധമാണിത്.
ഈ പ്രിൻസിപ്പൽ എജി കേരളത്തിൽ എജിയായി പ്രവർത്തിച്ചിരുന്ന 2020-ലാണ് പെൻഷൻ കമ്പനി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകട പരിധിയിൽ വരുമെന്ന് റിപ്പോർട്ടിൽ എഴുതിച്ചേർത്തത്. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര സർക്കാർ പെൻഷൻ കമ്പനിയുടെ താൽക്കാലിക വായ്പകളെല്ലാം സംസ്ഥാനത്തിന്റെ പൊതുകടത്തിനുള്ളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായാണ് കമ്പനിയുടെ ധനവിനിയോഗത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്.
പിന്നിൽനിന്ന് കുത്താൻ മുന്നിൽ
കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെയും എജീസ് ഓഫീസ് വഴിവിട്ട കളികൾ നടത്തിയിരുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഏറ്റെടുത്ത കിഫ്ബിയെയും തടസ്സമില്ലാത്ത സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച കമ്പനിയെയും ഇല്ലാതാക്കാനുള്ള കരുനീക്കങ്ങൾക്ക് തുടക്കമിട്ടത് അന്നത്തെ അക്കൗണ്ടന്റ് ജനറലായിരുന്ന എസ് സുനിൽ രാജാണ്. എജി പദവി രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ദുരുപയോഗിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുനിൽ രാജിനെ 2021 മേയിൽ ഇറ്റാനഗറിലേക്കു മാറ്റി. പിന്നാലെ ഡൽഹിയിലെ സിഎജി ഓഫീസിലെത്തി ഡയറക്ടർ ജനറലായി. കഴിഞ്ഞ ജൂലൈയിലാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്തെല്ലാം അനാവശ്യകാര്യങ്ങളിൽ സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ശ്രമങ്ങൾ എജീസ് ഓഫീസിൽനിന്നുണ്ടാകുന്നു.
നിയമസഭയ്ക്ക് സമർപ്പിക്കുംമുമ്പ് എജിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിന് ചോർന്നുകിട്ടി. അവർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അതേപടി സിഎജിയുടെ റിപ്പോർട്ടിൽ കടന്നുകൂടുന്നു. ഓഡിറ്റിനായി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നൽകിയ വിവരങ്ങളുടെ വസ്തുതാന്വേഷണ കത്തുകൾപോലും മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിനും കിട്ടി. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പായി കണക്കാക്കണമെന്ന ഓഡിറ്റ് റിപ്പോർട്ട് സുനിൽ രാജിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. തുടർന്നാണ് കേന്ദ്ര സർക്കാർ കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടങ്ങൾ സംസ്ഥാനത്തിന്റെ കടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്ര ഏജൻസികൾ ഇതേരീതിയിൽ എടുക്കുന്ന തുക കേന്ദ്രത്തിന്റെ കടമായി പരിഗണിക്കുന്നില്ലെന്നത് മറച്ചുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് 15,000 കോടിയോളം രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തിൽനിന്ന് കേന്ദ്രം വെട്ടിയത്. പൊലീസ് വകുപ്പ് സാധനങ്ങൾ വാങ്ങിയതിലും ഉന്നത ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സ് നിർമിച്ചതിലും വെടിയുണ്ടകളുടെ കണക്കിലും വിവാദത്തിനുതകുന്ന റിപ്പോർട്ടുകൾ തയ്യാറാക്കിയതും സുനിൽ രാജായിരുന്നു.