ഡിജിറ്റൽ കാലത്ത് കഴുത്തറപ്പൻ വട്ടിപ്പലിശക്കാരുടെ സ്ഥാനം കൈയടക്കി വായ്പ ആപ്പുകൾ. ഒറ്റ ക്ലിക്കിൽ ചോദിക്കുന്ന പണം അക്കൗണ്ടിലെത്തു മെന്നത് മുഖ്യാകർഷണം. തിരിച്ചടവ് തെറ്റിയാൽ വായ്പയെടുത്തയാളുടെ ജീവനും ജീവിതത്തിനും ഇവർ വില്ലനാകുന്നു. അത്തരം ആപ്പുകൾ തകർത്ത ജീവിതങ്ങളെക്കുറിച്ച് കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ശ്രീരാജ് ഓണക്കൂർ തയ്യാറാക്കിയ പരമ്പര വായിക്കാം
കൊച്ചി
‘ആയിരം രൂപ തന്നാൽ എടിഎം കാർഡ് തരുമോ?’ ഓൺലൈൻ വായ്പത്തട്ടിപ്പ് സംഘങ്ങളുടെ സ്ഥിരം ചോദ്യങ്ങളിലൊന്ന്. ഉത്തരേന്ത്യയിലെ ആദിവാസികൾ, പാവപ്പെട്ട ഗ്രാമീണസ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽനിന്നാണ് എടിഎം കാർഡുകൾ സംഘടിപ്പിക്കുക. തട്ടിപ്പുവഴി ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലേക്ക് ഉടനെ മാറ്റും.
കേന്ദ്രസർക്കാർ ജനങ്ങളെക്കൊണ്ട് എടുപ്പിച്ച ജൻധൻ അക്കൗണ്ടുകളുടെ എടിഎം കാർഡുകളും സംഘം സ്വന്തമാക്കുന്നുണ്ട്. 1000 രൂപമുതലുള്ള ചെറിയ തുക നൽകി ഇത്തരം അക്കൗണ്ടുകൾ സ്വന്തമാക്കി തട്ടിപ്പുപണം ഇതിലേക്ക് മാറ്റും. രണ്ടാഴ്ചയ്ക്കുള്ളിൽ പണം മുഴുവൻ പിൻവലിക്കും. പരാതിയായി കേസ് വരുന്നതോടെ പൊലീസ് നടപടിയുടെ ഭാഗമായി കാർഡ് ബ്ലോക്കാകും. അടുത്ത കാർഡുമായി സംഘം പണി തുടരും.
വാടകയ്ക്കെടുക്കും
അക്കൗണ്ടുകൾ
പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കിയും നിലവിലുള്ളവ വാടകയ്ക്കെടുത്തും സംഘം തട്ടിപ്പുപണം സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ കേരളത്തിലുള്ളവരുടെ അക്കൗണ്ടുകളും സംഘം വാടകയ്ക്കെടുത്തിട്ടുണ്ട്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുക. നിങ്ങളുടെ അക്കൗണ്ടിൽ വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് നൽകണമെന്നാണ് ആവശ്യപ്പെടുക. അഞ്ചുമുതൽ 10 ശതമാനംവരെ കമീഷനും വാഗ്ദാനം ചെയ്യും. വരുമാനവും ജോലിയും പ്രതീക്ഷിച്ച് പലരും ഇതിൽ വീഴും. തട്ടിപ്പുപണം ഇവർ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റും. ഒരുമാസത്തിനകം പരാതി വന്ന് പൊലീസ് എത്തുമ്പോൾ പിടിയിലാകുന്നത് അക്കൗണ്ട് ഉടമയാണ്. തട്ടിപ്പുസംഘത്തലവൻ അപ്പോഴേക്കും സുരക്ഷിത അക്കൗണ്ടിലേക്ക് പണം മാറ്റിയിരിക്കും. തട്ടിപ്പുകാർ കാണാമറയത്ത് തുടരും.
പതിനായിരമോ ഇരുപതിനായിരമോ നൽകി യുവാക്കളുടെ അക്കൗണ്ടുകൾ സ്വന്തമാക്കിയും തട്ടിപ്പ് നടത്താറുണ്ട്. ഇതിനായി യുവാക്കളുടെ പേരിൽ സംഘം പുതിയ സിം കാർഡ് എടുക്കും. ഈ നമ്പറാണ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക. തുടർന്ന് ഈ സിം കാർഡുമായി സംഘം സ്ഥലംവിടും. അക്കൗണ്ട് ഇടപാടുകളെക്കുറിച്ച് യഥാർഥ അക്കൗണ്ട് ഉടമയ്ക്ക് ഒരു വിവരവും ലഭിക്കില്ല. ഒടുവിൽ കേസ് വരുമ്പോൾ കുടുങ്ങുക അക്കൗണ്ട് ഉടമയാകും.
പണം വിദേശത്തേക്ക്
ഓൺലൈൻ വായ്പക്കെണിവഴി സമ്പാദിക്കുന്ന പണം ഒടുവിൽ ചെന്നുചേരുന്നത് തായ്ലൻഡ്, ഫിലിപ്പീൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലാണെന്ന് സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് എസ്പി ഇ എസ് ബിജുമോൻ പറയുന്നു. നൈജീരിയൻ തട്ടിപ്പുകാരുടെ മാതൃകയിലാണ് തട്ടിപ്പ്. കേരളത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ ഉറവിടം ഹൈദരാബാദ്, പുണെ, രാജസ്ഥാൻ എന്നിവിടങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയും ഈ പട്ടികയിലുണ്ട്. തട്ടിപ്പ് നടത്തുന്ന സംസ്ഥാനത്തിനുപുറത്തുനിന്നായിരിക്കും സംഘം കാര്യങ്ങൾ നിയന്ത്രിക്കുക. പൊലീസിൽ പരാതി വന്നാൽ അന്വേഷണം മറ്റ് സംസ്ഥാനത്തേക്കാണ് ചെന്നെത്തുക. ഇതിനകം സംഘം അടുത്ത തട്ടിപ്പിലേക്ക് കടക്കും.
ഭീഷണിപ്പെടുത്താൻ കോൾ സെന്ററുകൾ
വായ്പ തിരിച്ചടവ് മുടങ്ങുന്നവരെ ഭീഷണിപ്പെടുത്താൻ കോൾ സെന്ററുകളുമുണ്ട്. ഓരോ കോൾ സെന്ററിലും പതിനഞ്ചോളം പേരുണ്ടാകും. മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ് സെന്ററിലുണ്ടാകുക. മലയാളികളും ഇവിടെ ജോലിയെടുക്കുന്നു. മറ്റു ജോലികൾക്കെന്ന് പറഞ്ഞ് ചതിയിൽപ്പെട്ടാണ് പലരും ഇവിടെയെത്തുക. കോൾ സെന്ററിൽനിന്ന് തിരിച്ചുപോക്ക് ഏറെക്കുറെ ദുഷ്കരമാണെന്ന് ഇവിടെ ജോലിചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാനിലെ ഭരത്പൂർ, ആൾവാർ, ഡൽഹി ഉത്തംനഗർ, മുംബൈ മീരാ റോഡ്, ബിഹാർ ജാംതാര എന്നിവിടങ്ങളിലാണ് ഇത്തരം കോൾ സെന്ററുകൾ കൂടുതലായി പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പട്ടികയിലാണ് മലപ്പുറവും ഉൾപ്പെടുന്നത്.
(ചെറിയ വായ്പയിൽനിന്ന് വലിയ കെണിയിലേക്ക്–- അതേക്കുറിച്ച് നാളെ)