തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ രണ്ടാംഘട്ടമായ അടുത്ത മൂന്ന് മാസം നിർണായകമാണെന്നും പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ദ്വിദിന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത മാർച്ചോടെ മാലിന്യമുക്ത സംസ്ഥാന പദവി കൈവരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്.
ഹരിത കർമസേനയുടെ (എച്ച്കെഎസ്) പ്രവർത്തനത്തിലൂടെ ലക്ഷ്യത്തിന്റെ പകുതിയോളം നേട്ടം കൈവരിക്കാനായി. എല്ലാ വാർഡിലും എച്ച്കെഎസ് അംഗങ്ങളെ നിയമിക്കണം. അവർ വീടുകളും സ്ഥാപനങ്ങളും പതിവായി സന്ദർശിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എച്ച്കെഎസ് അംഗങ്ങൾക്ക് പരിശീലനം നൽകി പ്രൊഫഷണൽ സംഘമാക്കണം. വലിയ തോതിലുള്ള മാലിന്യ സ്രോതസ്സുകൾക്ക് എൻഫോഴ്സ്മെന്റ് ടീമുകൾ പ്രത്യേക ശ്രദ്ധ നൽകണം.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നത് സംബന്ധിച്ച് തെളിവ് നൽകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തുക കൃത്യമായും നൽകണം. ഒക്ടോബർ രണ്ടു മുതൽ വിപുലമായ ശുചീകരണ യജ്ഞം ആരംഭിക്കണം. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ, ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ രണ്ട് തുടങ്ങിയ ക്യാമ്പയിനുകളെ നമ്മുടെ ക്യാമ്പയിനിന് ആക്കം കൂട്ടാൻ ഉപയോഗപ്പെടുത്തണം. 14 ജില്ലയിൽ നിന്നുള്ളവർ പങ്കെടുത്ത യോഗത്തിൽ സ്വച്ഛത ലീഗ് സീസൺ രണ്ടിന്റെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. എൽഎസ് ജിഡി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൽഎസ് ജിഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്കം തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.