ബംഗളൂരു> വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങള്‍ പൗരന്മാര് നിര്‍വഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും നിയമം ബാധകമാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ ‘എഎന്‍ഐ’ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം.
ബി.ആര് അംബേദ്കര്‍ പൗരന്മാര്ക്കു നല്കിയ സമ്മാനമാണു ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. നീതിയും സമത്വവും ഊന്നിപ്പറയുന്ന വിശുദ്ധമായ നിയമപുസ്തകമാണത്. അതുകൊണ്ട് ആമുഖം വായിക്കുന്നതിനു പിന്നില്‍ പ്രധാനപ്പെട്ടൊരു ലക്ഷ്യമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ക്കു പുറമെ അധ്യാപകരും രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കൊപ്പം ഭരണഘടനാ ആമുഖം വായിക്കണം. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഭരണഘടനാ തത്വങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പ്രതിജ്ഞയെടുക്കുകയും വേണം- മന്ത്രി വിശദീകരിച്ചു