മനാമ> സൗദിയില്‍ ദന്ത പരിചരണ തൊഴിലുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കും. സ്വകാര്യ മേഖലയിലെ ഡെന്റല്‍ പ്രൊഫഷനുകളില്‍ മാര്‍ച്ച് 10 മുതല്‍ 35 ശതമാനം സ്വദേശിവല്‍ക്കരണം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. സൗദികളെ ജോലിക്കെടുക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം പ്രോത്സാഹനവും പിന്തുണയും നല്‍കും. കൂടാതെ, ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനവും ഉറപ്പാക്കും.
തൊഴില്‍ രഹിതരായ സ്വദേശി ഡെന്റല്‍ പ്രാക്ടീഷണര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച പാശ്ചാത്തലത്തിലാണ് തീരുമാനം. 2019ല്‍ പുറത്തുവന്ന കണക്ക് പ്രകാരം രാജ്യത്ത് 5,946 സൗദികളും 9,729 വിദേശികളും പൊതു ദന്തചികിത്സ നടത്താന്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. ഈ എണ്ണം സമീപകാലത്ത് വര്‍ധിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സൗദിയിലെ 26 ഡെന്റല്‍ കോളേജുകളില്‍ നിന്നായി പ്രതിവര്‍ഷം ഏകദേശം 3,000 ഡെന്റല്‍ ബിരുദധാരികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ പ്രവാസി ദന്തഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ദന്തല്‍ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദേശ ഡെന്റിസ്റ്റുകളെ റിക്രൂട്ട ചെയ്യുന്ന് കുറക്കാന്‍ 2015 മുതലേ തൊഴില്‍ മന്ത്രാലയം വിവിധ നടപകടികള്‍ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് 35 ശതമാനം സ്വദേശിവല്‍ക്കരണം.
ഒപ്റ്റിക്സ് ജോലികള്‍, ഉപഭോക്തൃ സേവനങ്ങള്‍, കോ-പൈലറ്റുമാരും എയര്‍ കണ്‍ട്രോളര്‍മാരും ഉള്‍പ്പെടെയുള്ള ലൈസന്‍സുള്ള ഏവിയേഷന്‍ പ്രൊഫഷനുകള്‍, സെയില്‍സ് ഔട്ട്ലെറ്റുകള്, കാറുകളുടെ ആനുകാലിക പരിശോധനകള്‍ എന്നിവയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തപാല്‍ സേവനം, പാര്‍സല്‍ ഗതാഗതം എന്നിവയിലെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിച്ച കഴിഞ്ഞ ഡിസംബറില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.