കുവൈത്ത് സിറ്റി> കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അബ്ദാലി ഫാം ഏരിയയിൽ വൻ മദ്യനിർമാണശാല കണ്ടെത്തി. ഇവിടെനിന്ന് 236 ബാരൽ മദ്യം, നിർമാണോപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഏഷ്യൻ വംശജരായ ആറുപേരെ അറസ്റ്റു ചെയ്തു.
പ്രദേശത്തെ ഫാം ഹൗസിനുള്ളിൽ അനധികൃത പ്രവർത്തനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അബ്ദലി പ്രദേശത്തു നടന്ന പരിശോധനയിലാണ് രാജ്യത്തെ തന്നെ വലിയ വ്യാജ മദ്യ നിർമ്മാണ ശാല കണ്ടെത്തിയത്. വിൽപനക്കായി തയാറാക്കിയ മദ്യമാണ് പിടികൂടിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാജ മദ്യം വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് റെയ്ഡ് നടത്തിയത്. എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി, നടപടിക്ക് ശിപാർശ ചെയ്തു .