കോഴിക്കോട്
നിപാ രോഗം സംശയിക്കുന്ന 30 പേരുടെ സ്രവ സാമ്പിൾകൂടി പരിശോധനയ്ക്കയച്ചു. അതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്. ഒരു ഡോക്ടർക്ക് രോഗലക്ഷണമുണ്ട്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം വന്നു. എല്ലാവരും നെഗറ്റീവാണ്. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287പേർ ആരോഗ്യ പ്രവർത്തകരാണ്.
സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള നാലുപേരടക്കം 213പേർക്കാണ് അടുത്ത സമ്പർക്കം. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ 17പേരുണ്ട്. രോഗികളുമായി സമ്പർക്കമില്ലെങ്കിലും ഇവർ നിപാ ബാധിതമേഖലയിൽ നിന്നുള്ളവരാണ്.
മരിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ചുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ ചികിത്സയിലുണ്ട്. ഒമ്പത് വയസ്സായ കുട്ടി വെന്റിലേറ്ററിൽ തുടരുന്നു. മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.
തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ഡന്റൽ വിദ്യാർഥിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള പനിബാധിതയുടെ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കും.
പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസും വ്യാഴാഴ്ചയും ഓൺലൈനായി അവലോകനംചെയ്തു. സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായംതേടാന് ആരോഗ്യമന്ത്രി നിര്‍ദേശംനല്‍കി. കേസുകള്‍ വര്‍ധിച്ചാല്‍ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. മരുന്നും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് നിര്‍ദേശിച്ചു. സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെയും ഓരോ മൊബൈൽ യൂണിറ്റും സജ്ജമാക്കി.
പ്രതിരോധം തൃപ്തികരം: കേന്ദ്ര സംഘം
ഡൽഹിയിലെ വാജ്പേയ് മെഡിക്കൽ സയൻസസി (എബിവിഐഎം)ലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോ ബയോളജിസ്റ്റ് മാല ചബ്രയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം വ്യാഴാഴ്ച ജില്ലയിലെത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി. കലക്ടറേറ്റിൽ ചർച്ച നടത്തി. ടീമിന്റെ പ്രവർത്തനങ്ങളെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സീനിയർ റീജണൽ ഡയറക്ടർ ഏകോപിപ്പിക്കും. അടുത്ത ദിവസംമുതൽ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്നാകും പ്രവർത്തനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പുണെയിലെ ഐസിഎംആർഎൻവി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സാഹചര്യം അവലോകനംചെയ്തു.
വവ്വാലുകളെ ഉപദ്രവിച്ചാൽ കൂടുതൽ വൈറസ്
പുറത്തുവരും
വവ്വാലുകളുടെ ആവാസ സങ്കേതങ്ങൾ നശിപ്പിക്കുന്നതുമൂലം കൂടുതൽ നിപാ വൈറസ് പുറത്തുവരാൻ സാധ്യതയെന്ന് പക്ഷി ശാസ്ത്രജ്ഞർ. കേരളത്തിൽ 45ൽപ്പരം ഇനത്തിൽപ്പെട്ട വവ്വാലുകൾ ഉണ്ടെങ്കിലും ടീറോപസ് വിഭാഗത്തിൽപ്പെട്ട പഴംതീനി വവ്വാലുകളിലാണ് വൈറസ് സ്ഥിരീകരിച്ചത്. അതും ചെറിയ ശതമാനം മാത്രമാണ്. 2019–-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. വവ്വാലുകളെ ഉപദ്രവിച്ചാൽ അപകടം കൂടുതലാകും.
വവ്വാലുകളിൽ ശാരീരിക അസ്വസ്ഥതയുണ്ടാവുമ്പോൾ കാഷ്ഠവും മൂത്രവും സ്രവവും വഴി കൂടുതൽ വൈറസിനെ പുറംതള്ളുമെന്ന് പഠനങ്ങളിൽ കണ്ടെത്തി. 1998ൽ കാട്ടുതീയിൽ വവ്വാലുകളുടെ വാസസ്ഥലങ്ങൾ നശിച്ചതാണ് മലേഷ്യയിൽ നിപാ വ്യാപനത്തിനിടയാക്കിയതെന്നാണ് പഠനം. കേരളത്തിൽ കാവുകളും ആൽമരങ്ങളുമെല്ലാം വവ്വാലുകളുടെ സങ്കേതമാണ്. ചിലർ നിപായുടെ പേരിൽ ഇത്തരം സങ്കേതങ്ങൾ നശിപ്പിക്കുന്നുണ്ട്. ഇത് വവ്വാലുകളിൽ അസ്വസ്ഥതയ്ക്കിടയാക്കുമെന്നും കൂടുതൽ അപകടം വരുത്തുമെന്നും കേരള കാർഷിക സർവകലാശാലാ വന്യജീവി ഗവേഷണ വിഭാഗം മേധാവി ഡോ. പി ഒ നമീർ പറഞ്ഞു.
പഴംതീനി, ഷഡ്പദ ഭോജി വിഭാഗത്തിലെ മറ്റ് ഏഴിനങ്ങളും വൈറസ് വാഹിനികളാണെന്ന് പഠനങ്ങളുണ്ട്. ഈ ഇനം വവ്വാലുകൾ കേരളത്തിലുണ്ട്. ഇവ നിപാ വാഹകരാണോയെന്ന് സ്ഥിരീകരിക്കാനും പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പകരുക രോഗലക്ഷണം ഉള്ളവരിൽ നിന്നുമാത്രം
കൊറോണയോ ഇൻഫ്ലുവൻസയോ പോലെ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്ന് മറ്റുള്ളവരിലേക്ക് നിപാ വൈറസ് പകരില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. തീവ്രലക്ഷണങ്ങളുള്ള രോഗബാധിതരിൽനിന്ന് മാത്രമേ മറ്റൊരാളിലേക്ക് പകർന്നിട്ടുള്ളൂ. കോഴിക്കോട് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചട്ടം 300 അനുസരിച്ച് സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇതുവരെ വവ്വാലുകളിൽ മാത്രമാണ് നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതിനാൽ നന്നായി വേവിച്ച ഇറച്ചി കഴിക്കുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അസ്വാഭാവിക പനിക്കേസുകൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ട തിങ്കൾ രാവിലെ തന്നെ പരിശോധനയ്ക്കും വിശദമായ വിവരശേഖരണത്തിനും ജില്ലാ മെഡിക്കൽ ഓഫീസറെ ആരോഗ്യവകുപ്പ് ഡയറക്ടർ ചുമതലപ്പെടുത്തി. പനിബാധിച്ചവരുടെ കുടുംബത്തിൽ ആഗസ്ത് 30ന് പനിമരണം ഉണ്ടായെന്ന് കണ്ടെത്തിയതോടെ നിപാ സംശയം ഉയർന്നു. തിങ്കളാഴ്ചതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ സാമ്പിൾ പരിശോധിച്ചു. രാത്രിയോടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ സാമ്പിളുകൾ പുണെ എൻഐവിയിലേക്ക് അയച്ചു. തിങ്കൾ പകൽതന്നെ രോഗബാധിതരുടെ കുടുംബം താമസിക്കുന്ന മരുതോങ്കര പഞ്ചായത്തിലെ വാർഡിൽ പനി സർവേ നടത്തിയിരുന്നു.
നിപാ സാധ്യത വ്യക്തമാകുന്നതിന് മുമ്പുതന്നെ ആരോഗ്യ മന്ത്രിയുടെ നിർദേശത്തിൽ നടപടികൾ സ്വീകരിച്ചിരുന്നു. മന്ത്രിമാരും കലക്ടറും അടക്കം ഉന്നതതല യോഗം നിരവധിതവണ ചേർന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഇതുവരെ അയച്ച സാമ്പിളുകളിൽ 22 പേരുടെ പരിശോധനാഫലമാണ് വന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ 14 പേരാണ് സമ്പർക്ക വിലക്കിലുള്ളതെന്നും മന്ത്രി പറഞ്ഞു.