തിരുവനന്തപുരം
പറമ്പിക്കുളം, ആളിയാർ പദ്ധതി കരാർ വ്യവസ്ഥ പാലിക്കുന്നതിനായി തമിഴ്നാടുമായി ആശയവിനിമയം നടത്തി സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കരാറനുസരിച്ച് കേരള സംസ്ഥാന അതിർത്തിയിൽ മണക്കടവ് വിയറിൽ ഒരു ജലവർഷം 7.25 ടിഎംസി അടി ജലം ചിറ്റൂർ പ്രദേശത്തെ 20,000 ഏക്കറിലെ കൃഷി ആവശ്യത്തിനായി കേരളത്തിന് അർഹതപ്പെട്ടതാണ്. സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽ കാണുകയും കരാർ പ്രകാരം ജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കെ ബാബു (നെന്മാറ)വിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. ഷോളയാറിൽ ഒരു ജലവർഷം 12,300 എംസി അടി ജലത്തിന് കേരളത്തിന് അർഹതയുണ്ട്. ചൊവ്വാഴ്ചവരെ 1395.64 എംസി അടി ജലം ഷോളയാറിൽനിന്ന് വൈദ്യുതി ഉൽപ്പാദനത്തിനായി കേരളം ഉപയോഗിച്ചിട്ടുണ്ട്.
കരാർ പ്രകാരം ഷോളയാറിൽനിന്ന് കേരളത്തിന് ഈവർഷം ഇനി 10,904.36 എംസി അടി ജലം ഉപയോഗിക്കാം. സെപ്തംബർ ഒന്നിന് കേരള ഷോളയാറിന്റെ ജലനിരപ്പ് കരാർ പ്രകാരമുള്ളതിനേക്കാളും 14.09 അടി കുറവായിരുന്നു. കരാർ വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കൽ സംസ്ഥാന താൽപ്പര്യത്തിന്
എതിര്
ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയ റെഗുലേറ്ററി കമീഷന്റെ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇത് എങ്ങനെ മറികടക്കാം എന്നതുൾപ്പെടെ സർക്കാർ ആലോചിക്കുകയാണ്. ജനങ്ങൾക്കുമേൽ അമിതഭാരം ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെഗുലേറ്ററി കമീഷന്റെ നടപടിക്കെതിരായി സർക്കാർ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് 250 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിന് അനുമതി ലഭിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ ഡി പ്രസേനൻ, എം വിൻസന്റ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.