തിരുവനന്തപുരം
ഇടുക്കി ഉൾപ്പെടെ മലയോര മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ വർഷങ്ങളായുള്ള പട്ടയപ്രശ്നങ്ങൾക്ക് ഇനി പരിഹാരം. 2023ലെ കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. നിലവിലെ നിയമത്തിന്റെ നാലാം വകുപ്പിനു കീഴിൽ 4 എ(1), 4 എ(2) എന്നീ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്.
പതിച്ചുകിട്ടിയ ഭൂമിയിൽ നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ക്രമവൽക്കരിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് ‘4എ(1)’ ഉപവകുപ്പ്. ചട്ടം നിർമിക്കാൻ അധികാരം നൽകുന്ന ഏഴാം വകുപ്പിൽ രണ്ടു വകുപ്പു കൂടി ഉൾപ്പെടുത്തി. കൃഷിയുൾപ്പെടെ നിശ്ചിത ആവശ്യത്തിനായി പതിച്ചുനൽകിയതും ഇപ്പോൾ അതിൽ ഏർപ്പെടാത്തതുമായ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് നിയമഭേദഗതി.
പതിച്ചുനൽകിയ ഭൂമിയിൽ, സർക്കാർ നിബന്ധനകൾക്കു വിധേയമായി ഉപയോഗത്തിന് അനുമതി നൽകുന്നതിനും നിലവിൽ ഉണ്ടായ നിർമിതികൾ ക്രമവൽക്കരിക്കാനുമുള്ള നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിർമാണങ്ങളും (1500 ചതുരശ്രയടി വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമവൽക്കരിക്കാൻ ഉദ്ദേശിച്ചാണ് നിയമഭേദഗതി. പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും.
ചട്ടം രൂപീകരിക്കുമ്പോൾ ജനതാൽപ്പര്യം
കണക്കിലെടുക്കും
നിയമഭേദഗതിയുടെ തുടർച്ചയായി ചട്ടം രൂപീകരിക്കുമ്പോൾ പൂർണമായും ജനതാൽപ്പര്യങ്ങൾ കണക്കിലെടുക്കുമെന്ന് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. 1960ലെ നിയമപ്രകാരം പതിച്ചുകിട്ടിയ ഭൂമി, നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടയഭൂമികളിൽ നിർമിച്ച ആശുപത്രികളും സ്കൂളുകളുംപോലും നിയമവിരുദ്ധമാണെന്ന് വിധിയുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് നിയമനിർമാണം എന്ന ആശയത്തിലേക്ക് സർക്കാർ വന്നത്–– മന്ത്രി പറഞ്ഞു.