തിരുവന്തപുരം
പട്ടികജാതി –-പട്ടികവർഗ വിദ്യാർഥികളുടെ വിദേശപഠന സ്കോളർഷിപ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാധാകൃഷ്ണൻ. 2024 മുതലുള്ള വിദേശപഠന അപേക്ഷകളിലെ ഏകോപനമാണ് ഒഡെപെക് നടത്തുന്നതെന്ന് പ്രമോദ് നാരായണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി പറഞ്ഞു. സർക്കാർ അധികാരത്തിൽവന്നശേഷം കഴിഞ്ഞ മാർച്ച് 31 വരെ 344 പട്ടികജാതി വിദ്യാർഥികളും 24 പട്ടികവർഗ വിദ്യാർഥികളും 57 പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടെ 425 വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ അവസരം ലഭ്യമാക്കി. കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ സീറ്റ് മാറ്റിവച്ചു.
പട്ടികജാതി വിദ്യാർഥികളുടെ പ്രീമെട്രിക്തല ലംപ്സംഗ്രാന്റ്, സ്റ്റൈപെൻഡ് എന്നിവ വിതരണം നടത്തി. യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ ലംപ്സംഗ്രാന്റ്, സ്റ്റൈപെൻഡ് എന്നിവ ലഭ്യമാക്കാനും നടപടിയായി. പട്ടികവർഗ വിദ്യാർഥികളുടെ പ്രീമെട്രിക്തല ലംപ്സംഗ്രാന്റ്, സ്റ്റൈപെൻഡ് എന്നിവ ആദ്യ പാദത്തിലേത് വിതരണം ചെയ്യുന്നു. പോസ്റ്റ് മെട്രിക് സ്കോളർഷിപ് 25:75 എന്ന സംസ്ഥാന–– കേന്ദ്ര അനുപാതത്തിൽ നൽകിവരുന്നു.
പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് 2021-–-22 മുതൽ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശപ്രകാരം 40:60 സംസ്ഥാന-–- കേന്ദ്ര അനുപാതത്തിലും വാർഷിക വരുമാനം 2.5 ലക്ഷംവരെ എന്ന നിബന്ധനയിലും വിദ്യാർഥികളുടെ അക്കൗണ്ടിലേക്കാണ് വിതരണം ചെയ്യുന്നത്. 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനപരിധിയുള്ള വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ്മെട്രിക് സ്കോളർഷിപ് നൽകാത്ത സാഹചര്യത്തിൽ വരുമാനപരിധി ബാധകമാക്കാതെ മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന സർക്കാർ സ്കോളർഷിപ് തുക പൂർണമായും അനുവദിച്ചുവരുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.