തിരുവനന്തപുരം
കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുടക്കമില്ലാതെ തുടരാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി 81.57 കോടി രൂപ അനുവദിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങില്ലെന്നും പദ്ധതി നിർത്തുന്നുവെന്ന് തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നടപ്പുസാമ്പത്തിക വർഷം പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകാനുള്ളത് 284.31 കോടി രൂപയാണ്. ആദ്യഗഡു 170.59 കോടി രൂപ പോലും നൽകിയിട്ടില്ല. പദ്ധതി മുടങ്ങാതിരിക്കാൻ സംസ്ഥാന വിഹിതത്തിന്റെ പകുതി 81.57 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുവദിച്ചത്. ഇതുപയോഗിച്ച് ജൂൺ–- ജൂലൈ മാസത്തെ മുഴുവൻ തുകയും ആഗസ്തിലെ ഒരു വിഹിതവും സ്കൂളുകൾക്ക് നൽകും. 2021–-22 അധ്യയന വർഷത്തിൽ കേന്ദ്ര സർക്കാർ നൽകാനുള്ള തുകയ്ക്കു കാത്തുനിൽക്കാതെ സംസ്ഥാന വിഹിതം ഉൾപ്പെടുത്തി കുടിശ്ശിക തീർത്തതായും മന്ത്രി അറിയിച്ചു. കേന്ദ്രവിഹിതമായ 132.90 കോടിയും സംസ്ഥാന വിഹിതമായ 76.78 കോടിയും ചേർത്ത് 209.68 കോടി രൂപയാണ് അനുവദിച്ചത്.
സ്കൂൾ പാചക തൊഴിലാളികൾക്ക് മാസം ആയിരം രൂപ വേതനമാണ് കേന്ദ്രം നിശ്ചയിച്ചത്. സംസ്ഥാന സർക്കാർ 13,500 രൂപവരെ നൽകുന്നുണ്ട്. കേന്ദ്രം നിശ്ചയിച്ച തുക മാറ്റിനിർത്തി ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ വേതനം നൽകി. 13,611 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിച്ചതായും മന്ത്രി അറിയിച്ചു.