കൊളംബോ
ലോകകപ്പിനുമുമ്പ് ടീമിലെ ശക്തിദൗർബല്യങ്ങൾ പൂർണമായി കണ്ടെത്താനുള്ള ഒരുക്കത്തിൽ ഇന്ത്യ. ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന കളി ഇന്ന് ബംഗ്ലാദേശിനെതിരെയാണ്. ഫൈനൽ ഉറപ്പാക്കിയതാണ് രോഹിത് ശർമയും സംഘവും. ബംഗ്ലാദേശ് പുറത്താകുകയും ചെയ്തു. അതിനാൽ ടൂർണമെന്റിൽ ഇതുവരെ കളിക്കാത്തവർക്ക് അവസരം നൽകാനായിരിക്കും തീരുമാനം. ഞായറാഴ്ചയാണ് ഫൈനൽ.
ലോകകപ്പിന് ദിവസങ്ങൾമാത്രമാണ് ശേഷിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിലുള്ള ചില കളിക്കാർക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ല. മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ് എന്നിവർ ഏഷ്യാ കപ്പിൽ ഒരു മത്സരവും കളിച്ചിട്ടില്ല. പുറംവേദന കാരണം ആദ്യ കളിക്കുശേഷം വിട്ടുനിൽക്കുന്ന ശ്രേയസ് അയ്യരും തിരിച്ചെത്തിയേക്കും.
ആദ്യകളിയിൽ പാകിസ്ഥാനോട് ബാറ്റിങ് നിര തകർന്നശേഷം പിന്നീട് മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത്. പാകിസ്ഥാനുമായുള്ള സൂപ്പർ ഫോർ മത്സരത്തിൽ ആധികാരിക ജയം സ്വന്തമാക്കി. ശ്രീലങ്കയോട് ബാറ്റിങ്ങിൽ പതറിയെങ്കിലും ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെ ജയം പിടിച്ചെടുത്തു.പരിക്കുകാരണം ഏറെനാളായി പുറത്തിരുന്ന കെ എൽ രാഹുലിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. രണ്ട് കളിയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 150 റണ്ണടിച്ചു. വിരാട് കോഹ്ലിയുടെ പേരിലും ഒരു സെഞ്ചുറിയുണ്ട്. ക്യാപ്റ്റൻ രോഹിത് തുടർച്ചയായ രണ്ട് അരസെഞ്ചുറികൾ കുറിച്ചു.
ശ്രേയസ് തിരിച്ചെത്തിയാൽ ഇഷാൻ കിഷൻ പുറത്തിരിക്കാനാണ് സാധ്യത. സൂര്യകുമാറിന് അവസരം കിട്ടുമെന്ന് ഉറപ്പില്ല. ബൗളർമാരിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പകരം മുഹമ്മദ് ഷമി കളിക്കും. കൊളംബോയിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ അക്സർ പട്ടേലിന് തിളങ്ങാനാകാത്തതിൽ പരിശീലകൻ രാഹുൽ ദ്രാവിഡിന് നിരാശയുണ്ട്. അക്സറിന് പകരം മീഡിയം പേസർ ശാർദുൽ ഠാക്കൂറിനാണ് ഇന്ന് സാധ്യത. കുൽദീപ് യാദവാണ് ഇന്ത്യയുടെ പ്രധാന ആയുധം. ടൂർണമെന്റിൽ ഒമ്പത് വിക്കറ്റ് നേടി ഈ സ്പിന്നർ.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ ലോകകപ്പ് ടീമിലില്ലാത്ത തിലക് വർമയ്ക്ക് കളിക്കാൻ അവസരം കിട്ടും.
മറുവശത്ത് ബംഗ്ലാദേശിന് ലോകകപ്പിനുമുമ്പുള്ള മോശം മുന്നൊരുക്കമായി ഏഷ്യാ കപ്പ്. ഷാക്കിബ് അൽ ഹസന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഓർത്തുവയ്ക്കാനൊന്നുമില്ല. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തളർത്തുന്നത്.