തിരുവനന്തപുരം
സിനിമയെ വർഗീയപ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ കളങ്കപ്പെടുത്തി അവതരിപ്പിക്കാൻകൂടി സിനിമ എന്ന മാധ്യമം കഴിഞ്ഞ കൊല്ലം ഉപയോഗിക്കപ്പെട്ടു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റേത് അല്ലാത്ത ഒരു കഥ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മതസ്പർധയുണ്ടാക്കാനും സാമൂഹ്യചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ശത്രുപക്ഷത്താക്കാനും ഉദ്ദേശിക്കപ്പെട്ട സിനിമയായിരുന്നു ‘കേരള സ്റ്റോറി’. ലൗ ജിഹാദിന്റെ നാടാണിത് എന്ന് വരുത്തി തീർക്കുന്ന അസത്യാത്മകമായ ഒരുവർഗീയ സിനിമ. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാർഥത്തിൽ അത് പ്രചാരണ ആയുധമാണ്. വിഷ പ്രചാരണത്തിനുള്ള ആയുധം. കശ്മീരിന്റെ ഫയൽ എന്ന് പറഞ്ഞ് വർഗീയ വിദ്വേഷം പുലർത്തുന്ന മറ്റൊരു സിനിമയും ഇതേ ഘട്ടത്തിലുണ്ടായി.
അനാചാരങ്ങളുടെ ജീർണമായ അന്ധകാരത്തെ പുനരുജ്ജീവിപ്പിച്ച് എടുക്കാനുള്ള ആയുധം എന്ന നിലയ്ക്ക് സിനിമയെ ഉപയോഗിക്കാനുള്ള പ്രവണത കാര്യമായി കാണാനുണ്ട് . ഇതിന് വർധിച്ച ശക്തി കൈവരുന്ന ഒരു കലാന്തരീക്ഷം ദേശീയതലത്തിൽ നിലനിൽക്കുന്നുവെന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.