ന്യൂഡൽഹി
ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തിൽ രാജ്യം തേങ്ങുമ്പോൾ ബിജെപി ജി20 വിജയാഘോഷം സംഘടിപ്പിച്ചതിൽ വിമർശം രൂക്ഷം. അനന്തനാഗിൽ ഭീകരരെ നേരിടുന്നതിനിടെയാണ് കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നിവർ ബുധനാഴ്ച വീരമൃത്യുവരിച്ചത്. ദുഃഖ വാർത്ത പുറത്തെത്തിയിട്ടും ബിജെപി ആഘോഷം അവസാനിപ്പിക്കാൻ തയാറായില്ലെന്ന് പ്രതിപക്ഷ പാർടി നേതാക്കൾ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടേത് വിവേക രഹിതമായ നടപടിയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിലാപത്തിന്റെയും ബുധനാഴ്ച വൈകിട്ട് ബിജെപി ആസ്ഥാനത്തെ ആഘോഷത്തിലേക്ക് എത്തുന്ന മോദിയുടെയും ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചാണ് പ്രതികരണം. പുൽവാമയിൽ ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ വൈകിയാണ് എല്ലാം അറിഞ്ഞതെന്നായിരുന്നു അവകാശവാദം. ഇത്തവണ രാവിലെ എല്ലാം അറിഞ്ഞു. എന്നിട്ടും ബിജെപിയും മോദിയും ആഘോഷം തുടർന്നെന്ന് ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. 2019ൽ പുൽവാമയിൽ സിആർപിഎഫിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആ ഘട്ടത്തിൽ ഡിസ്കവറി ചാനലിന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്ന മോദി അത് നിർത്തിവയ്ക്കാൻ തയാറായില്ല.
ഭരണഘടനയുടെ 370–-ാം അനുച്ഛേദം റദ്ദാക്കി പ്രത്യേകപദവി എടുത്തുകളഞ്ഞതോടെ ജമ്മുകശ്മീരിൽ ശാന്തിയും സമാധാനവും കൊണ്ടുവന്നുവെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിന്റെ പൊള്ളത്തരങ്ങളുമാണ് ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ പുറത്തുകൊണ്ടുവരുന്നത്.