കൊച്ചി
ദേശീയ സ്വാതന്ത്ര്യസമരത്തിലെ സാമ്രാജ്യത്വ വിരുദ്ധതയുടെ തുടർച്ചയിൽ രൂപപ്പെട്ട മട്ടാഞ്ചേരിയിലെ തുറമുഖത്തൊഴിലാളി പ്രക്ഷോഭം കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കും വർഗീയതയ്ക്കുമെതിരായ പോരാട്ടങ്ങൾക്ക് കരുത്താകുമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന്റെ 70–-ാം വാർഷികാചരണത്തിന്റെ ഭാഗമായി ഇ എം എസ് പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മട്ടാഞ്ചേരിയിലെ തൊഴിലാളി മുന്നേറ്റത്തിന്റെ കാലിക പ്രസക്തി’എന്ന വിഷയത്തിലായിരുന്നു സെമിനാർ. ദേശീയ പ്രക്ഷോഭത്തിലെ സാമ്രാജ്യത്വ വിരുദ്ധതയുടെ വിപ്ലവജനിതകമാണ് മട്ടാഞ്ചേരിയിലെ തൊഴിലാളി സമരത്തിന് കരുത്തായത്. സ്വതന്ത്ര ഇന്ത്യയിൽ സാമ്രാജ്യത്വത്തിനുകീഴിൽ അനുഭവിച്ച അടിമത്തം തുടരാനാകില്ലെന്ന പ്രഖ്യാപനമായിരുന്നു അത്.
മട്ടാഞ്ചേരി വെടിവയ്പിനുശേഷം നാലുവർഷം കഴിഞ്ഞപ്പോഴാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയത്. ആ സർക്കാരിന്റെ നടപടികളെ മാത്രമല്ല, രാജ്യത്തെയാകെ ഭരണനയങ്ങളെ മട്ടാഞ്ചേരിയിലെ തുറമുഖത്തൊഴിലാളികൾ ഒറ്റക്കെട്ടായി ഉയർത്തിയ വിപ്ലവസന്ദേശം പിന്നീട് സ്വാധീനിച്ചതായി കാണാം. ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ വർഗീയതയ്ക്കും തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരെ ഉയരേണ്ട പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാണ് മട്ടാഞ്ചേരി തുറമുഖത്തൊഴിലാളി പ്രക്ഷോഭത്തിന്റെ ചരിത്രം. രാജ്യത്തിന്റെയാകെ പുരോഗതിയെ കരുതിയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കിയ ഐതിഹാസിക പോരാട്ടമായിരുന്നു അതെന്നും തപൻസെൻ പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി.