കൊച്ചി
യുഡിഎഫിനെ ആഭ്യന്തരക്കുഴപ്പത്തിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവരുമെന്നതിനാലാണ് സോളാർ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന് അവർ തീരുമാനിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിബിഐ റിപ്പോർട്ടിന്റെ പേരുപറഞ്ഞ് എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഡിഎഫിനകത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നവർ മുഖ്യമന്ത്രിയെ താഴെയിറക്കാൻ ബോധപൂർവമായ പ്രവർത്തനം നടത്തിയതായി തെളിവുകൾ പുറത്തുവന്നു. ഇതിന്റെ ഗുണഭോക്താവ് ആരായിരുന്നു എന്നതും തെളിഞ്ഞു. ‘ഞങ്ങൾക്ക് ഇതിൽ പങ്കില്ല’ എന്നു പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനം നടത്തുമ്പോൾ, അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അറിഞ്ഞല്ല പേഴ്സണൽ സ്റ്റാഫായ ടെനി ജോപ്പനെ അറസ്റ്റ് ചെയ്തതെന്ന് കെ സി ജോസഫ് പറയുന്നു. എന്നാൽ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയാതെ പേഴ്സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രി തീരുമാനിക്കുമോ എന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്.
ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഉമ്മൻചാണ്ടിയെക്കുറിച്ച് വലിയ മാധ്യമശ്രദ്ധ നേടുന്ന ചർച്ചയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, ചർച്ച ചെയ്തപ്പോൾ പ്രമേയം ഉന്നയിച്ചവർക്കുതന്നെ ഒന്നും പറയാനില്ലാത്ത സ്ഥിതിയായി. എല്ലാ ആയുധവും നഷ്ടമായപ്പോൾ അവർ വാക്കൗട്ട് നടത്തി. ആവശ്യപ്പെട്ടാൽ അന്വേഷണം നടത്താമെന്ന സർക്കാർ നിലപാട് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കുകയും ചെയ്തു–-എം വി ഗോവിന്ദൻ പറഞ്ഞു.