തിരുവനന്തപുരം
പിഎസ്സി ജോലി വാഗ്ദാന കേസിൽ ചുരുങ്ങിയത് 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിലയിരുത്തൽ. ഒന്നും രണ്ടും ലക്ഷം രൂപവീതം ഓരോരുത്തരിൽനിന്നും ഈടാക്കിയതായാണ് വിവരം. അതേസമയം, കേസിലെ പ്രധാന പ്രതികളായ പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പ്. രശ്മിയെ ഗ്രൂപ്പിൽ അംഗമായി ചേർത്ത ശേഷമാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിഎസ്സിയിൽ ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ വാങ്ങിയെടുത്തത്. പരീക്ഷയ്ക്ക് അപേക്ഷിക്കുകപോലും ചെയ്യാതിരുന്നവരിൽനിന്നാണ് ഇവർ രണ്ട് ലക്ഷം രൂപ വരെ വാങ്ങിയെടുത്തത്. പിഎസ്സിയിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്നും അത്തരത്തിൽ ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിൽ അംഗമായവരെ ഉപയോഗിച്ച് മണി ചെയിൻ മാതൃകയിൽ കൂടുതലാളുകളെ ഉൾപ്പെടുത്തി പണം തട്ടുകയായിരുന്നു. പതിനഞ്ചോളം പേർ പണം നൽകിയതായി പൊലീസിന് വിവരം നൽകി. ചുരുങ്ങിയത് അൻപത് പേരിൽനിന്നെങ്കിലും പണമീടാക്കിയിട്ടുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ നിഗമനം.
പിഎസ്സിയുടെ വ്യാജ ലെറ്റർഹെഡ് നിർമിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു ‘ഉദ്യോഗാർഥികൾക്ക്’ നൽകിയ നിർദേശം. ഇത് വിശ്വസിച്ച് ആളുകൾ പിഎസ്സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിജിലൻസിൽ അസി. സെക്രട്ടറിയറ്റ് എന്ന തസ്തികയുടെ പേരിലായിരുന്നു കത്ത്. കത്ത് വ്യാജമെന്ന് കണ്ടെത്തിയതോടെ വിജിലൻസ് വിഭാഗം ചോദ്യം ചെയ്തപ്പോഴാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. രാത്രിയോടെ മെഡി. കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
പ്രതികൾ പിടിയിലാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം, തട്ടിപ്പ് വ്യക്തമായതോടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് പലരും ഒഴിവായിത്തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു.
ലുക്കൗട്ട് നോട്ടീസ്
പുറപ്പെടുവിച്ചു
പിഎസ്സിയുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടൂർ സ്വദേശി രാജലക്ഷ്മി, ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്വേഷക സംഘത്തെ അറിയിക്കണം. ഫോൺ: 9497960113, 9497987008, 9497980001, 04712443145. ഇമെയിൽ: shomedcoltvm. pol@keralagov.in