കടമക്കുടി
കടമക്കുടിയിൽ രണ്ടുമക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയതിനുപിന്നിൽ ഓൺലെെൻ വായ്പ കെണിയെന്ന് സൂചന. ചൊവ്വാഴ്ചയാണ് കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശിൽപ്പ (29) മക്കളായ ഏയ്ബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശിൽപ്പ ഓൺലെെൻ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഓൺലെെൻ ആപ്പുകാർ ഭീഷണിസന്ദേശങ്ങൾ അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കൾക്കും ശിൽപ്പയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഭീഷണിസന്ദേശവും അയച്ചിരുന്നു. കുടുംബത്തിന്റെ മരണശേഷമാണ് ബന്ധുക്കൾ സന്ദേശങ്ങൾ ശ്രദ്ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ശിൽപ്പ ജോലിക്കായി വിദേശത്തുപോകുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികബാധ്യതയാണ് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പിലും സാമ്പത്തികബാധ്യത സൂചിപ്പിച്ചിരുന്നു. ഓൺലൈൻ വായ്പ ഏജൻസിക്കെതിരെ നിജോയുടെ അമ്മ ആനി ജോണി റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
ശിൽപ്പ 9300 രൂപയാണ് വായ്പയെടുത്തതെന്ന് മുനമ്പം ഡിവൈഎസ്-പി കെ എ അനീഷ് പറഞ്ഞു. ഈട് നൽകിയിരുന്നോ എന്നത് വ്യക്തമല്ല. തിരിച്ചടവ് മുടങ്ങിയപ്പോൾ ഇവരെ നിരന്തരം ഫോൺ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ശിൽപ്പയുടെ മോർഫ് ചെയ്ത ചിത്രവും വീഡിയോയും പ്രചരിപ്പിക്കുമെന്നായിരുന്നു തിങ്കൾ വെെകിട്ട് ലഭിച്ച സന്ദേശം. 12ന് രാത്രി 9.45ന് ശിൽപ്പയുടെ സുഹൃത്തുക്കൾക്കും ഇവർ സന്ദേശം അയച്ചിട്ടുണ്ട്. 25 പേർക്കാണ് ഭീഷണിസന്ദേശവും മോർഫ് ചെയ്ത ചിത്രങ്ങളും ലഭിച്ചിട്ടുള്ളത്. ഹിന്ദിയിലുള്ള ശബ്ദസന്ദേശം സ്ത്രീയുടേതാണ്. മറ്റു സാമ്പത്തിക ബാധ്യതകളും കുടുംബത്തിനുണ്ടായിരുന്നുവെന്നാണ് നിഗമനം.
നിജോയുടെയും ശിൽപ്പയുടെയും ഫോണുകൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ, രാഷ്ട്രീയപാർടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ യോഗം ചേർന്ന് ജാഗ്രതാസമിതി രൂപീകരിച്ചു. റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചു.
കെണി ഇങ്ങനെ
കടമക്കുടിയിൽ നാലംഗകുടുംബം ജീവനൊടുക്കിയതോടെ ഓൺലെെൻ വായ്പ കെണി വീണ്ടും ചർച്ചയാകുന്നു. നിരവധിപേരാണ് ഓൺലെെൻ വായ്പയെടുത്ത് കുടുങ്ങുന്നത്. പണം അടയ്ക്കുന്നത് മുടങ്ങിയാൽ ആദ്യം ഭീഷണിസന്ദേശമെത്തും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടയാൾ എന്ന സന്ദേശത്തോടെ വായ്പയെടുത്തവരുടെ ചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിക്കും. ചിലപ്പോൾ വായ്പയെടുത്തയാളുടെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങളും പ്രചരിപ്പിക്കും. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാം.
ആധാർകാർഡും പാൻകാർഡും മാത്രം നൽകിയാൽ അനായാസമായി പണം ലഭിക്കുമെന്നതാണ് ഓൺലെെൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ചിലപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റും ഇവർ ആവശ്യപ്പെടാറുണ്ട്. ഫോണിൽ നിരന്തരം ഇത്തരം ആപ്പുകളുടെ സന്ദേശങ്ങൾ ലഭിക്കാം. സമൂഹമാധ്യമങ്ങളിലും ഇവയുടെ പരസ്യം വരാറുണ്ട്. ഒരിക്കൽ ലിങ്ക് തുറന്നാൽ വായ്പ വാഗ്-ദാനം ചെയ്ത് ഫോൺ വിളിയെത്താം. ആപ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ മുഴുവൻ കോൺടാക്ടുകളും വിവരങ്ങളും ചോർത്തും. 36 മുതൽ 50 ശതമാനംവരെയാണ് പലിശ. വായ്പ തിരിച്ചടയ്ക്കാൻ വെെകിയാൽ ഭീമമായ പലിശ ആവശ്യപ്പെടും. മുടങ്ങാതെ പണം അടച്ചാലും പലിശ കൂടിക്കൊണ്ടിരിക്കും.
മുൻകരുതൽ വേണം
● ആർബിഐ അംഗീകാരമുള്ള ബാങ്കുകളുടെ ആപ്പുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, സർക്കാരിന്റെ നിയമപരിധിയിൽവരുന്ന ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്ന് മാത്രം വായ്പയെടുക്കാൻ ശ്രദ്ധിക്കുക
● ഓൺലെെൻ വായ്പ ആപ് ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണം
● ഫോണിലെ വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ ആപ്പിന് അനുമതി നൽകരുത്