ആലുവ
എടയപ്പുറത്ത് സഹോദനൊപ്പം ഉറങ്ങുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പാടശേഖരത്തിലെ മോട്ടോർപ്പുരയിൽവച്ചാണെന്ന് പ്രതി ക്രിസ്റ്റിൽ രാജ്. പ്രതിയെ അന്വേഷകസംഘം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പാടശേഖരത്തിന് നടുവിൽ കുറ്റിക്കാടിനകത്താണ് പഴയ മോട്ടോർപ്പുര. കുട്ടിയുമായി അവിടേക്ക് വന്നതെങ്ങനെയെന്ന് പ്രതി വിശദീകരിച്ചു. കൃത്യം നടത്തിയ രീതിയും വിവരിച്ചു. റോഡിൽനിന്ന് 350 മീറ്ററോളം ദൂരെയാണ് ഈ പാടശേഖരം. ശാസ്ത്രീയ, വിരലടയാളവിദഗ്ധർ മോട്ടോർപ്പുര പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
പീഡനത്തിനുശേഷം മടങ്ങിയ വഴിയിലൂടെയും കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുത്തു. പാടശേഖരത്തിനുസമീപത്തെ മതിൽക്കെട്ടിനടുത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും ക്രിസ്റ്റിൽ പറഞ്ഞു. പ്രതി ഒളിക്കാൻ ശ്രമിച്ച ആലുവ മാർത്താണ്ഡവർമ പാലത്തിനടിയിലും തെളിവെടുത്തു. ഇവിടെനിന്ന് ക്രിസ്റ്റിൽ ധരിച്ചിരുന്ന ചുവന്ന ഷർട്ടും രണ്ട് ഫോണും ലഭിച്ചു. ഫോണിലൊന്ന് കുട്ടിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ചതാണെന്നാണ് നിഗമനം. ഇതിൽ സിം ഉണ്ടായിരുന്നില്ല. തെളിവെടുപ്പിനുശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ വീടിന്റെ വിവരങ്ങൾ കൈമാറിയ അതിഥിത്തൊഴിലാളി മുസ്താക്കിൻ മൊല്ലയെ പ്രതിചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പി വിവേക് കുമാർ, ഡിവൈഎസ്പി പി പ്രസാദ്, ആലുവ സിഐ എം എം മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബിഹാർ ദമ്പതികളുടെ മകളെ സെപ്തംബർ ഏഴിനാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചത്.
ഫോണുകൾ ഒളിപ്പിച്ചത് ഷർട്ടിനുള്ളിൽ
പ്രതി ക്രിസ്റ്റിലിന്റെ ഷർട്ട് മാർത്താണ്ഡവർമ പാലത്തിനടിയിൽ ചുരുട്ടിവച്ചനിലയിലായിരുന്നു. ഷർട്ടിനുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു രണ്ട് ഫോണുകൾ. പാലത്തിന്റെ തൂണിനോടുചേർന്നാണ് ഷർട്ട് ഒളിപ്പിച്ചിരുന്നത്. പുതിയ പാലത്തിന്റെ അടിയിലാണ് പ്രതി ആദ്യം തങ്ങിയത്. പിന്നീട് സമീപത്തെ പഴയ പാലത്തിന്റെ ഭാഗത്തേക്ക് കടന്നു. പാലത്തിന്റെ അടിയിലെ പൈപ്പിലൂടെ നടന്നാണ് സമീപത്തെ ബാർ ഹോട്ടലിനുസമീപമെത്തിയത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സിഐടിയു തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് ക്രിസ്റ്റിലിനെ പിടികൂടി.
രോഷം, പ്രതിഷേധം
എടയപ്പുറം പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ കനത്ത പ്രതിഷേധം. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധിപേർ സ്ഥലത്ത് എത്തി. പ്രതിക്കെതിരെ ആക്രോശിച്ചു. കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കുട്ടിയുടെ അച്ഛനും ബന്ധുവും സ്ഥലത്ത് എത്തിയിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് ഒപ്പമായിരുന്നു ഇവർ.