തിരുവനന്തപുരം
ഉമ്മൻചാണ്ടിയുടെ വിയോഗത്തിനുപിന്നാലെ സോളാർ വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വന്നതോടെ എ ഗ്രൂപ്പ് ആഭ്യന്തര കലാപത്തിലേക്ക്. കെ സി ജോസഫ് തുടക്കമിട്ട്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റെടുത്ത വിഴുപ്പലക്കൽ ഒറ്റദിവസം കൊണ്ട് അവസാനിക്കില്ലെന്ന സൂചനയാണ് നേതാക്കളുടെ വാക്കുകളിലുള്ളത്. ചാണ്ടി ഉമ്മൻ സഭയിലെത്തിയ ദിവസംതന്നെ സോളാർ വിഷയം സഭയിൽ അടിയന്തര പ്രമേയമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉപദേശപ്രകാരം ഷാഫി പറമ്പിലാണ് വിഷയം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയെ അപമാനിക്കാൻ വേണ്ടിയാണിതെന്ന് എ ഗ്രൂപ്പിൽ അഭിപ്രായമുയർന്നിരുന്നു.
ഇതിനിടെയാണ് അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ഒളിയമ്പുമായി മുതിർന്ന നേതാവ് കെ സി ജോസഫ് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ ആഭ്യന്തരവകുപ്പ് അദ്ദേഹത്തെ അറിയിക്കേണ്ടതാണെന്നായിരുന്നു കെ സി ജോസഫിന്റെ പരോക്ഷ പ്രതികരണം. ആഭ്യന്തരമന്ത്രി അറിയാതെ ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്യുമോയെന്ന് പറയേണ്ടത് അദ്ദേഹമാണെന്ന മറുപടി തിരുവഞ്ചൂരിനെ പ്രകോപിപ്പിച്ചു. ഇതോടെ, കെ സി ജോസഫിനെതിരെ നടപടി വേണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
എങ്ങുമില്ലാതെ പോയതിന്റെ അസ്വസ്ഥതകളാണ് കെ സി ജോസഫ് പ്രകടിപ്പിക്കുന്നതെന്നാണ് തിരുവഞ്ചൂർ കരുതുന്നത്. ഉമ്മൻചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിനെ നയിക്കാൻ ആളില്ലാതായി. ഗ്രൂപ്പ് ഉണ്ടാക്കിയവരിൽ പലരും ഒപ്പമില്ലെന്നും പലരും സജീവമല്ലെന്നുമാണ് തിരുവഞ്ചൂർ പറയുന്നത്. ഐ ഗ്രൂപ്പാകട്ടെ ഇക്കാര്യത്തിൽ കാഴ്ചക്കാരുടെ റോളിലാണ്. എ ഗ്രൂപ്പ് ശിഥിലമാകണമെന്ന താൽപ്പര്യം വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. അതോടെ പലരും തങ്ങൾക്കൊപ്പമെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.