കുവൈത്ത് സിറ്റി> കേരളൈറ്റ്സ് മെഡിക്കൽ ഫോറം (കെഎംഎഫ്) കുവൈത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹൃദ്യം 2023’ സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബര് 15 വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈഖ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പ്രത്യേക അതിഥിയായി ആസ്റ്റർ കേരള ക്ലസ്റ്റർ ഗ്രൂപ്പ് ക്രിട്ടിക്കൽ കെയർ ഡയറക്ടറും, നിപാ വൈറസിനെ തുടക്കത്തിലേ രോഗ നിർണ്ണയം നടത്തിയ ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റും, കേരള ഗവർമെന്റിന്റെ മികച്ച ഡോക്ടർ അവാർഡ് ജേതാവും കൂടിയായ ഡോക്ടർ അനൂപ് കുമാർ എ എസ് പങ്കെടുക്കും. കൂടാതെ അൻവർ സാദത്ത്, ചിത്ര അരുണും സംഘവും അവതരിപ്പിക്കുന്ന ഗാന സന്ധ്യയും അരങ്ങേറും.
വൈകുന്നേരം നാലുമണിക്ക് ആരോഗ്യ പ്രവർത്തകരുടെ കലാ പരിപാടികളോടെ ആരംഭിക്കുന്ന സാംസ്കാരികോത്സവത്തിലേക്ക് കുവൈത്തിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കെഎംഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിൻഡ സജി, ഹൃദ്യം ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ജോർജ് ജോൺ , പ്രോഗ്രാം കൺവീനർ ലിജോ അടുക്കോലിൽ എന്നിവർ പങ്കെടുത്തു.