തൃശൂർ> കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. തൃശൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച സഹകാരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ് നീക്കം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേന്ദ്ര ഏജൻസികളാകെ കേരളത്തിൽ വട്ടമിട്ട് ചുറ്റിയിരുന്നു. വ്യാപക കുപ്രചാരണങ്ങൾ നടത്തി. എന്നാൽ അതെല്ലാം മറികടന്ന് എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി. എന്നാൽ വേട്ടയാടൽ തുടരുകയാണ്.
അടാട്ട് ബാങ്ക് കൊള്ളയടിച്ച് മുടിച്ച ചിലർ ഇപ്പോൾ സഹകരണ മേഖലയുടെ വാച്ച് ഡോഗായി മാറുകയാണ്. പുത്തൂർ സഹകരണ ബാങ്കിലും കോൺഗ്രസ് കൊള്ള നടത്തി. ഈ രണ്ടു ബാങ്കുകളിലും തെരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റി. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ വരുന്ന വാർത്തകളിൽ സിപിഐ എം അന്വേഷണകമീഷൻ റിപ്പോർട്ട് പുറത്തുവിട്ടുവെന്നാണ് പ്രചാരണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദപ്പെട്ട പാർട്ടി അംഗങ്ങളോട് സിപിഐ എം അന്വേഷിക്കും. ഓഡിറ്റിലെ അപാകതകളുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടുപേവാൻ നിർദേശിക്കുക മാത്രമാണ് ചെയ്യുക. അതാണ് പാർടി രീതി.
2,49,000 കോടി രൂപയാണ് കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിന്റെ കുതിപ്പിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്. ഇത് കണ്ട് ഭയക്കുന്ന ബിജെപി സഹകരണ മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. നേരത്തെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളും ഇതേ ശ്രമങ്ങൾ ആരംഭിച്ചു. ഭരണഘടന പ്രകാരം സഹകരണ മേഖലാ സംസ്ഥാന പട്ടികയിലാണ്. എന്നാൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാക്ക് ചുമതല നൽകി. സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത് പ്രതിസന്ധിയിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.