ന്യൂഡല്ഹി> ഷാരൂഖ് ഖാന് നായകനായ ജവാനില് തന്റെ ജീവിതത്തിന് സമാനമായ ഭാഗം ഉള്പ്പെടുത്തയതിന് നന്ദി പറഞ്ഞ് ഡോ.കഫീല് ഖാന്. ഗൊരഖ്പൂരിലെ ആശുപത്രിയില് കുട്ടികള് ഓക്സിജന് കിട്ടാതെ ശ്വാസം മുട്ടി മരിച്ച സംഭവത്തില് കഫീല് ഖാനെ യുപി സര്ക്കാര് പിരിച്ചുവിട്ടിരുന്നു. 2017-ലെ ഗോരഖ്പൂര് ദുരന്തത്തിന് സമാനമായി സന്യ മല്ഹോത്ര അഭിനയിച്ച ഭാഗം ചിത്രീകരിച്ചതിനാണ് നായകനും അണിയറപ്രവര്ത്തകര്ക്കും ഡോക്ടര് നന്ദി പറഞ്ഞത്.
ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആര്ഡി) മെഡിക്കല് കോളേജിലെ മുന് അധ്യാപകനും ഡോക്ടറുമാണ് കഫീല് ഖാന്. 2017ലാണ് അദ്ദേഹത്തെ യുപി സര്ക്കാര് സര്വീസില് നിന്നും പിരിച്ചുവിട്ടത്. ഓക്സിജന് ക്ഷാമം മൂലം കുഞ്ഞുങ്ങള് മരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തില് അദ്ദേഹത്തിനെതിരായ പല ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞെങ്കിലും സര്വീസില് തിരിച്ചെടുത്തില്ല.
പൗരത്വ ഭേദഗതിക്കെതിരായ സമരത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി കഫീല് ഖാനെ വീണ്ടും ജയിലിലടച്ചു. എട്ട് മാസത്തെ ജയില്വാസത്തിന് ശേഷം കഴിഞ്ഞ വര്ഷം സെപ്തംബര് ആദ്യമാണ് കഫീല് ഖാന് ജയില്മോചിതനായത്. ഇത്തരത്തില് ഭരണകൂടം നിരന്തരം ആക്രമിച്ചിരുന്ന കഫീല് ഖാനെ കുറിച്ച് ജവാന് സിനിമയില് ചിത്രീകരച്ചതാണ് പ്രശംസയുമായി അദ്ദേഹം എത്തുന്നതിന് കാരണമായത് .
‘താന് ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും എന്നാല് റിലീസ് ചെയ്തതിന് ശേഷം അതേക്കുറിച്ച് സന്ദേശങ്ങളും ആശംസകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഞാന് ജവാന് കണ്ടിട്ടില്ല, പക്ഷേ ആളുകള് നിങ്ങളെ മിസ് ചെയ്തു എന്ന് പറഞ്ഞ് എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് . സിനിമയും യഥാര്ഥ ജീവിതവും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. സിനിമയില് കുറ്റവാളികളും ആരോഗ്യമന്ത്രിയും ശിക്ഷിക്കപ്പെട്ടിരുന്നു. ഇവിടെ ഞാനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതിക്കായി അലയുകയാണ്. ഈ സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് ഷാരൂഖിനും അറ്റ്ലിക്കും നന്ദി”-കഫീല് ഖാന് കുറിച്ചു.
ഒരു തെളിവുമില്ലാതെയാണ് കഫീല് ഖാനെതിരെ യുപി സര്ക്കാര് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള് ചുമത്തിയതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. ഗൊരഖ്പൂരിലെ അശുപത്രിയില് പിഞ്ചുകുഞ്ഞുങ്ങള് ഓക്സിജന് കിട്ടാതെ മരിച്ചത് വലിയ വാര്ത്തയായിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹവുമായി നില്ക്കുന്ന അമ്മക്കടുത്ത് നില്ക്കുന്ന കഫീല് ഖാന്റെ നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഫീല് ഖാനെ സര്ക്കാര് ജോലിയില് നിന്നും പിരിച്ചുവിട്ടത്.