മുംബൈ> മഹാരാഷ്ട്രയിൽ റേഷൻ വിതരണം താറുമാറാക്കിയ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ആയിരങ്ങൾ സിവിൽ സപ്ലൈസ് മന്ത്രാലയത്തിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞതോടെ സ്ത്രീകൾ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധം നീണ്ടതോടെ സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ അസോസിയേഷൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. റേഷൻ വിതരണം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, പ്രാച്ചി, സീമ ഷെയ്ഖ് എന്നിവർ പങ്കെടുത്തു.
റേഷൻ കാർഡുകൾ വിതരണം ചെയ്യുക, അർഹരായ കുടുംബങ്ങളെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തുക, ആധാർ– ബയോമെട്രിക് പഞ്ചിങ് എന്നിവയുടെ പേരിൽ റേഷൻ നിഷേധിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്. അസോസിയേഷൻ രക്ഷാധികാരി ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. സുഭാഷിണി അലി, പി കെ ശ്രീമതി, മറിയം ധാവ്ളെ എന്നിവർ സംസാരിച്ചു. മാസങ്ങളായി അസോസിയേഷൻ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്.