കൊച്ചി> സിഎംആർഎല്ലിൽനിന്ന് പൊതുപ്രവർത്തകർ അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളുണ്ടോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി. പണം കൈപ്പറ്റി സിഎംആർഎൽ കമ്പനിക്ക് നേട്ടം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോയെന്നും സ്വാധീനിച്ചതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഹർജിക്കാരനോട് ജസ്റ്റിസ് എൻ നഗരേഷ് നിർദേശിച്ചു. സ്വകാര്യകമ്പനിയിൽനിന്ന് അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരിഷ് ബാബു നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാൽ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എംഎൽഎ, മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, എക്സാലോജിക് കമ്പനി ഉടമ വീണ തുടങ്ങിയ 21 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. സിഎംആർഎൽ കമ്പനി ആദായനികുതിവകുപ്പിന് നൽകിയ വിശദീകരണത്തിൽ എതിർകക്ഷികൾക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നും ഇത് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാനാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. രാഷ്ട്രീയപാർടികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾ പണം നൽകാറുണ്ട്. ഇത്തരത്തിൽ പണം നൽകുന്നതിലൂടെ അനർഹമായ നേട്ടമുണ്ടാക്കിയോ എന്നാണ് നോക്കേണ്ടത്. സിഎംആർഎൽ കമ്പനി ഇത്തരത്തിൽ അനർഹമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവാണ് ഹാജരാക്കേണ്ടതെന്നും കോടതി പറഞ്ഞു.
പൊതുപ്രവർത്തകർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാൻ സർക്കാരിന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ, ഇത്തരം കേസുകളിൽ മുൻകൂർ അനുമതി വേണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചു. ഈ വിധിയുടെ പകർപ്പ് നൽകിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് തെളിവുകളും രേഖകളുമില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി വിധികളുടെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.