കൊച്ചി
ലണ്ടനിലെ വീട്ടിൽനിന്നും കേരളത്തിലേക്ക് കാറിൽ യാത്രതിരിച്ച യുകെ മലയാളിയും സിനിമ നിർമാതാവുമായ രാജേഷ് കൃഷ്ണ കൊച്ചിയിലെത്തി. ജൂലൈ 26ന് ലണ്ടനിലെ ഹൈവിക്കമിൽ നിന്നാരംഭിച്ച യാത്ര 47 ദിവസമെടുത്താണ് കേരളത്തിലെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോട്ടെയാണ് കൊച്ചിയിലെത്തിയത്.
“വോൾവോ എക്സി 60′ കാറിൽ 20 രാജ്യങ്ങളിലെ 75 പ്രധാന നഗരങ്ങൾ ചുറ്റി 20,000 കിലോമീറ്ററാണ് രാജേഷ് സഞ്ചരിച്ചത്. റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (ആർഎൻസിസി) സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ എന്നതായിരുന്നു ‘ലണ്ടൻ ടു കേരള’ ക്രോസ് കൺട്രി ട്രിപ്പിന്റെ ലക്ഷ്യം.
അഞ്ച് ദിവസം മാത്രമാണ് വിശ്രമത്തിന് വേണ്ടിവന്നത്. 42 ദിവസവും ഡ്രൈവ് ചെയ്തു. നേപ്പാൾ വഴി ബിഹാറിലെത്തി, അവിടെനിന്ന് ബംഗളൂരു വഴിയാണ് കേരളത്തിലെത്തിയത്. മനോഹരമായ കാഴ്ച ടിബറ്റിലേതായിരുന്നുവെന്നും ചൈനയിലെ റോഡുകളും പാലങ്ങളും അതി മനോഹരമായിരുന്നെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. “ന്റിക്കാക്കൊരു പ്രേമണ്ടായിരുന്നു’, പുഴു എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയായ രാജേഷ് പത്തനംതിട്ട വാര്യാപുരം സ്വദേശിയാണ്. ഭാര്യ അരുണ നായർ ലണ്ടനിലെ എൻഎച്ച്എസ് കാൻസർ റിസർച്ചിൽ ജോലി ചെയ്യുന്നു. എറണാകുളത്തെത്തിയ രാജേഷ് കൃഷ്ണയെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് സുഹൃത്തുക്കൾ ചേർന്ന് സ്വീകരിച്ചു.