ന്യൂഡൽഹി
ജി20 ഉച്ചകോടി അവസാനിച്ച് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിലാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെള്ളി രാത്രി മോദിയുടെ വസതിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ഉന്നയിച്ചുവെന്ന് ബൈഡൻ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്ന് ഓർമിപ്പിച്ചതിന് പുറമേ ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ സിവിൽ സമൂഹത്തിനും സ്വതന്ത്ര മാധ്യമത്തിനുമുള്ള സുപ്രധാന പങ്കും മോദിയോട് ഉയർത്തിയെന്നായിരുന്നു ബൈഡന്റെ പ്രതികരണം.
ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണാനുള്ള ബൈഡന്റെ നീക്കത്തിന് കേന്ദ്ര സർക്കാർ തടയിട്ടതോടെ വിയറ്റ്നാമിൽ വച്ചാണ് അമേരിക്കൻ പ്രസിഡന്റിന് മാധ്യമങ്ങളെ കാണാനായത്. വൈറ്റ് ഹൗസ് ഇതിൽ പരസ്യമായി എതിർപ്പും പ്രകടിപ്പിച്ചിരുന്നു. ബൈഡന്റെ വെളിപ്പെടുത്തലിൽ ഇതുവരെയും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) മെയ് മാസത്തിൽ പുറത്തുവിട്ട മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180 രാജ്യങ്ങളിൽ 161–-ാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടുമുമ്പുള്ള വർഷം 150 ആയിരുന്നു സ്ഥാനം.