മസ്ക്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് നടന്ന പരിപാടികൾ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 2500 ലേറെപേർ പങ്കെടുത്തു. വൈകിട്ട് ആറ് മുതൽ അൽ ഫലാജ് ഗ്രാൻ്റ് ഹാളിൽ തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
തുടർന്ന് കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച വിവിധ നൃത്തപരിപാടികൾ അരങ്ങേറി. പിന്നണി ഗായകനും സംഗീത സംവിധായകനുമായ രതീഷ് കുമാർ, ഐഡിയ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി പല്ലവി രതീഷ് എന്നിവർ സംഗീതനിശ അവതരിപ്പിച്ചു.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളാ വിഭാഗം കോ- കൺവീനർ വിജയൻ കെ വി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൻ ജോർജ്, സാമൂഹ്യക്ഷേമ പ്രവർത്തകൻ ബാലകൃഷ്ണൻ കുനിമ്മൽ, ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പർ നിധീഷ് കുമാർ, സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി ഷബീബ് ഷമീസ് മൂസ അൽ സദ്ജാലി എന്നിവർ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ ഭാരത് സേവക് സമാജിന്റെ പ്രവാസ ലോകത്തെ നാടക പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നേടിയ അൻസാർ മാസ്റ്റർ, പഞ്ചവാദ്യം കലാകാരൻമാരായ തിച്ചൂർ സുരേന്ദ്രൻ , മനോഹരൻ ഗുരുവായൂർ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിലെ നൃത്തങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്ത ആർ എൽ വി ബാബു മാസ്റ്റർ, ശ്രീകല ടീച്ചർ, മൈഥിലി ദേവി എന്നിവരെ അനുമോദിച്ചു. കേരളാ വിഭാഗം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനദാനവും ചടങ്ങിൽ വച്ച് നടന്നു.