തിരുവനന്തപുരം
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സഭയിലെത്തിയ മാത്യു കുഴൽനാടനെ കുടഞ്ഞ് ഭരണപക്ഷം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ദുരാരോപണമുന്നയിച്ച കുഴൽനാടന് വായടപ്പിക്കുന്ന മറുപടി ഭരണപക്ഷം നൽകി. കോടതി വലിച്ചുകീറി കൊട്ടയിലിട്ട ആരോപണങ്ങൾ വീണ്ടും സഭയിൽ അവതരിപ്പിക്കുന്നത് മാധ്യമങ്ങളിൽ തലക്കെട്ട് കിട്ടാൻ വേണ്ടിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സഭയിൽ അംഗമല്ലാത്ത ആളെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ സഭാരേഖയിലുണ്ടാകരുതെന്നും ഇത്തരം ആരോപണങ്ങളിലൂടെ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് കുഴൽനാടനെന്നും എം ബി രാജേഷ് പറഞ്ഞു.
കോൺഗ്രസിന്റെ നേർച്ചക്കാളയാണ് മാത്യു കുഴൽനാടനെന്ന് കെ ശാന്തകുമാരി പറഞ്ഞു. ഇത്തരം ആരോപണങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെല്ലാം. കുഴൽനാടൻ ഇടുക്കിയിൽ അനധികൃതമായി വാങ്ങിയ വസ്തുവിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. കുഴൽനാടന്റെ സാമ്പത്തിക വളർച്ച അത്ഭുതകരമാണെന്നും കേരളത്തിലെ ജൂനിയർ അദാനിയാണ് അദ്ദേഹമെന്നും കെ എം സച്ചിൻദേവ് ആരോപിച്ചു. കോടികൾ മുടക്കി വസ്തു വാങ്ങിയിട്ട്, അതെല്ലാം വായ്പയെടുത്താണ് എന്നാണ് വാദിക്കുന്നത്. എന്നാൽ 17 ലക്ഷം രൂപയിൽ താഴെ മാത്രമാണ് വായ്പയെന്നും അദ്ദേഹം പറഞ്ഞു.