തിരുവനന്തപുരം
വേതനം സംബന്ധിച്ച പരാതി നൽകാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും അവസരം ഉറപ്പാക്കുന്ന ‘മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി) ബിൽ’ നിയമസഭ പാസാക്കി. ന്യായമായ വേതനം നൽകാൻ തയ്യാറാകാത്ത ഉടമയ്ക്ക് 500 രൂപയായിരുന്ന പിഴ 5000 രൂപയായി ഉയർത്തും. പരാതി പരിഹാരത്തിന് കോടതികളെ ആശ്രയിക്കുന്നതിനും വ്യവസ്ഥയുണ്ട്. തൊഴിൽമന്ത്രി വി ശിവൻകുട്ടി ബിൽ അവതരിപ്പിച്ചു.
ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. ക്ഷീരകർഷക ക്ഷേമനിധി ഭരണസമിതിയിലേയ്ക്ക് പരമ്പരാഗത ക്ഷീരസംഘങ്ങൾ, ആനന്ദ് മാതൃകാ സംഘങ്ങൾ എന്നിവയുടേയും ധന, നിയമ, ക്ഷീരവികസന വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥ പ്രാതിനിധ്യവും ബിൽ ഉറപ്പാക്കുന്നു.
ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും. ക്ഷീരകർഷകർക്കും കുടുംബങ്ങൾക്കും സഹായവും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുന്നതിനും ഉരുക്കൾക്ക് തീറ്റയും മരുന്നും മിതമായ നിരക്കിൽ നൽകുന്നതിനുമുള്ള പദ്ധതിയും ഭേദഗതി വഴി സാധ്യമാകുമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.