തിരുവനന്തപുരം
പതിവായുണ്ടാകുന്ന മഴമൂലം റോഡുകൾ തകരുന്നതിന്റെ കാരണം കണ്ടെത്തി പ്രതിവിധികൾ നിർദേശിക്കുന്നതിന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) നടത്തുന്ന പഠനം അവസാനഘട്ടത്തിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പരിഹാരങ്ങൾ അടക്കമുള്ള ആദ്യഘട്ട- റിപ്പോർട്ട് ഒക്ടോബർ ആദ്യവാരം സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന അഗ്രഗേറ്റുകളുടെ (ചെറുമെറ്റിൽ) പ്രത്യേക രാസഘടന വെള്ളത്തിലും ഈർപ്പത്തിലും തകരുന്നത് റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനത്തിലെ പ്രാഥമിക കണ്ടെത്തൽ. ഇതിന് ദീർഘകാല പരിഹാരങ്ങൾ നിർദേശിക്കുന്നതിനുള്ള ഗവേഷണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഐഐടി, എൻഐടി അടക്കമുള്ള ഉന്നത ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ, കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിർമാണരീതി നിർദേശിക്കുന്നതിനാണ് പഠനങ്ങൾ. പാലങ്ങളുടെ ഈട് വർധിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തീരദേശ പാലങ്ങളുടെ പുനരുദ്ധാരണം, അൾട്രാ -ഹൈ- പെർഫോമൻസ് കോൺക്രീറ്റ് വികസിപ്പിക്കുക, സെൻസറുകൾ ഉപയോഗിച്ച് പാലങ്ങളുടെ അവസ്ഥ വിലയിരുത്തുക,- ബലക്കുറവുള്ള മണ്ണിലെ ബഹുനില കെട്ടിടങ്ങൾക്കായി ചൈൽഡ് റാഫ്റ്റ് ഫൗണ്ടേഷൻ രൂപരേഖ, റോഡ് നിർമാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും അവതരിപ്പിക്കുന്ന സൂപ്പർപേവ് മിക്സ് ഡിസൈൻ രീതിയുടെ പ്രയോഗക്ഷമത, പുനരുപയോഗിക്കാവുന്ന സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.നിർമാണമേഖലയിൽ സാങ്കേതിക മികവ് ഉറപ്പാക്കാനും സാമഗ്രികളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയാണ് ഈ പഠനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
മലയോരപാത:
134 കിലോമീറ്റർ
പൂർത്തിയായി
മലയോരപാത ടെൻഡർ പ്രകാരം കരാർ നൽകി പ്രവൃത്തിയാരംഭിച്ച 411 കിലോമീറ്റർ റീച്ചിൽ 134 കിലോമീറ്ററിന്റെ നിർമാണം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ്റിയാസ് നിയമസഭയെ അറിയിച്ചു. 13 ജില്ലയിലൂടെ കടന്ന് പോകുന്ന പദ്ധതിയിൽ ആകെ 1180 കിലോമീറ്റർ പാതയുണ്ട്. ഇതിൽ 794 കിലോമീറ്റർ പാതയും കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതി അവലോകന യൂണിറ്റ് മുഖേനയാണ് നടപ്പാക്കുന്നത്. കിഫ്ബിയിൽനിന്ന് സാമ്പത്തികാനുമതി ലഭിച്ച 734 കിലോമീറ്റർ റോഡ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി 474 കിലോമീറ്റർ സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തിട്ടുണ്ട്.