ന്യൂഡൽഹി
ഊർജമേഖലയിൽ സഹകരണത്തിനും ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും സൗദി അറേബ്യയും. കേന്ദ്ര ഊർജമന്ത്രി ആർ കെ സിങും സൗദി അറേബ്യൻ ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ-സൗദുമാണ് കരാറിൽ ഒപ്പുവച്ചത്.
ധാരണപത്രം അനുസരിച്ച് പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, വൈദ്യുതി, പെട്രോളിയം, പ്രകൃതിവാതകം, ഊർജ സുരക്ഷ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. കൂടാതെ, പുനരുപയോഗ ഊർജമടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള ഇടപെടലുകളിലും സാങ്കേതികവിദ്യകളിലും ധാരണപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഊർജമേഖലയിൽ ഡിജിറ്റൽ പരിവർത്തനം, നവീകരണം, നിർമിത ബുദ്ധി ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കും.
ഊർജമേഖലയിൽ വിദഗ്ധരായ കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തും. ഊർജം, വിതരണ ശൃംഖലകൾ, സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട സാമഗ്രികൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രാദേശികവൽക്കരിക്കാൻ സഹകരിച്ച് പ്രവർത്തിക്കുമെന്നും ധാരണപത്രത്തിലുണ്ട്.