ന്യൂഡൽഹി
കരസേനയുടെ ക്ഷണപ്രകാരമാണ് മണിപ്പുർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. കരസേനയിൽനിന്ന് കത്ത് ലഭിച്ചിരുന്നതായി- എഡിറ്റേഴ്സ് ഗിൽഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഡിറ്റേഴ്സ് ഗിൽഡ് മണിപ്പുരിലേക്ക് വരണമെന്ന് കരസേന എന്തുകൊണ്ടാണ് താൽപ്പര്യപ്പെട്ടതെന്ന് ചീഫ്ജസ്റ്റിസ് ആരാഞ്ഞു. മണിപ്പുരിൽ താഴെത്തട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ടാണ് കരസേന താൽപ്പര്യപ്പെട്ടതെന്ന് സിബൽ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിങ് നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ക്ഷണിച്ചത്. സെപ്തംബർ രണ്ടിന് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. സെപ്തംബർ മൂന്നിന് എഡിറ്റേഴ്സ് ഗിൽഡിനെതിരായി കേസെടുത്തു. മുഖ്യമന്ത്രിയും എതിരായ പരാമർശങ്ങൾ നടത്തി–– സിബൽ പറഞ്ഞു. ഒരു റിപ്പോർട്ടിന്റെ പേരിൽ എങ്ങനെയാണ് കേസെടുക്കുകയെന്ന് മണിപ്പുർ സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് കോടതി ആരാഞ്ഞു.
കേസ് മണിപ്പുർ ഹൈക്കോടതിയിൽനിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് സിബൽ അഭ്യർഥിച്ചു. ഇത് പരിശോധിക്കാമെന്ന് അറിയിച്ച കോടതി കേസ്15 ലേക്ക് മാറ്റി. എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് സീമാ മുസ്തഫ, മണിപ്പുർ റിപ്പോർട്ട് തയ്യാറാക്കിയ സഞ്ജയ് കപൂർ, സീമാ ഗുഹ, ഭരത് ഭൂഷൺ എന്നിവർക്ക് അറസ്റ്റിൽനിന്നുള്ള സംരക്ഷണം കോടതി നീട്ടുകയും ചെയ്തു.
ഡൽഹി ഹൈക്കോടതിയിലേക്ക് കേസ് മാറ്റുന്നതിനെ തുഷാർ മെഹ്ത എതിർത്തു. മുഖ്യമന്ത്രിയെക്കുറിച്ചും മറ്റും പരാമർശം നടത്തുന്നത് ബോധപൂർവമാണെന്നും- മെഹ്ത വാദിച്ചു. മണിപ്പുരിലേക്ക് പോകുന്നത് തന്റെ കക്ഷികൾക്ക് അപകടകരമാണെന്ന് സിബൽ പറഞ്ഞു. മണിപ്പുരിൽ ഒരു അധ്യാപകനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകരുടെ ഓഫീസും മറ്റും തല്ലിതകർത്തത് ഉദാഹരണമായി സിബൽ ചൂണ്ടിക്കാട്ടി.