കുവൈറ്റ് സിറ്റി> കുവൈത്തിൽ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനും മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റുന്നതിനും പുതിയ നിബന്ധനകളുമായി അധികൃതർ. പുതിയ തീരുമാനപ്രകാരം, പ്രവാസികളുടെ വിസ പുതുക്കുന്നതിനും മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് താമസ രേഖ മാറ്റുന്നതിനും രാജ്യത്തെ ഏതെങ്കിലും മന്ത്രാലയവുമായോ സർക്കാർ ഏജൻസികളുമായോ ബന്ധപ്പെട്ട കുടിശികകൾ ഉണ്ടെങ്കിൽ അവ അടച്ചു തീർക്കണം. ഇത് കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ തെളിവ് ഹാജരാക്കണമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
പ്രവാസികൾക്ക് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നതിനു വിവിധ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴകളും, സാമ്പത്തിക കുടിശികളും അടച്ചുതീർക്കണമെന്ന തീരുമാനം കഴിഞ്ഞ ദിവസങ്ങളിൽ നിലവിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് താമസം രേഖ പുതുക്കുന്നതിനും സമാനമായ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം സെപ്തംബര് 10 മുതൽ പ്രാബല്യത്തിൽ വരും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് താമസ നിയമത്തിൽ ഭേദഗതി വരുത്തി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്