സ്കോപ്യെ (നോർത്ത് മാസിഡോണിയ)
നോർത്ത് മാഡിസോണിയ ഒരിക്കൽക്കൂടി ഇറ്റലിയെ കുഴപ്പത്തിലാക്കി. യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ 1–-1നാണ് മാസിഡോണിയ ഇറ്റലിയെ കുരുക്കിയത്. അടുത്തവർഷത്തെ യൂറോ കളിക്കാനുള്ള പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. കഴിഞ്ഞ ലോകകപ്പിൽ ഇറ്റലിയുടെ വഴിമുടക്കിയത് മാസിഡോണിയയാണ്. ലൂസിയാനോ സ്പല്ലേറ്റിക്കുകീഴിൽ പുതിയ തുടക്കമായിരുന്നു ഇറ്റലി കൊതിച്ചത്. സിറോ ഇമ്മൊബീലിന്റെ ഗോളിൽ തുടക്കത്തിലേ ലീഡ് നേടുകയും ചെയ്തു. ഇറ്റാലിയൻ കുപ്പായത്തിൽ ഇമ്മൊബീലിന്റെ 17–-ാംഗോളായിരുന്നു ഇത്. ആ ഗോളിൽ ജയംകുറിക്കാമെന്ന സ്പല്ലേറ്റിയുടെ മോഹത്തിന് ഉടൻ തിരിച്ചടി കിട്ടി. എനിസ് ബാർധിയുടെ ഫ്രീകിക്കിൽ മാഡിസോണിയ ഒപ്പമെത്തി. അവസാനഘട്ടത്തിൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു നിലവിലെ ചാമ്പ്യൻമാർ.
ഗ്രൂപ്പ് സിയിൽ മൂന്നാംസ്ഥാനത്താണ് അസൂറികൾ. മൂന്ന് കളിയിൽ നാല് പോയിന്റ്. നാളെ സാൻസിറോയിൽ രണ്ടാംസ്ഥാനക്കാരായ ഉക്രയ്നെയാണ് നേരിടേണ്ടത്. ഗ്രൂപ്പിൽ ഒന്നാമതുള്ള ഇംഗ്ലണ്ടിനെ 1–1ന് കുരുക്കിയാണ് ഉക്രയ്ൻ എത്തുന്നത്. അടുത്തകളിയിൽ ജയിക്കാനായില്ലെങ്കിൽ ഇറ്റലിയുടെ യാത്ര ദുഷ്കരമാകും. യൂറോ ചാമ്പ്യൻമാരാക്കിയ റോബർട്ടോ മൻസീനിക്കുപകരമാണ് സ്പല്ലേറ്റി ഇറ്റാലിയൻ ടീം പരിശീലകസ്ഥാനത്തെത്തുന്നത്. 33 വർഷത്തിനുശേഷം നാപോളിയെ ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരാക്കിയ മികവായിരുന്നു അറുപത്തിനാലുകാരന് മുതൽക്കൂട്ടായത്. എന്നാൽ, ദേശീയ കുപ്പായത്തിൽ കഠിന പരീക്ഷണമായിരിക്കും ഇനി സ്പല്ലേറ്റിക്ക്.
2022 ലോകകപ്പ് പ്ലേ ഓഫ് റൗണ്ടിൽ ഒരു ഗോളിന് തോൽപ്പിച്ചാണ് മാസിഡോണിയ ഇറ്റലിയെ ആദ്യം തകർത്തുകളഞ്ഞത്. യൂറോ ചാമ്പ്യൻമാരായ ടീം അതോടെ ഖത്തർ ലോകകപ്പിൽനിന്ന് പുറത്താകുകയായിരുന്നു.ഗ്രൂപ്പിൽ ഇറ്റലിയുടെ അത്രതന്നെ പോയിന്റുമായി ഗോൾ വ്യത്യാസത്തിൽ നാലാമതാണ് മാസിഡോണിയ. ഇംഗ്ലണ്ടിന് അഞ്ച് കളിയിൽ 13 പോയിന്റാണ്.