കോഴിക്കോട്
സംഘടനയിൽ വിഭാഗീയത വളർത്താനുള്ള മുസ്ലിംലീഗ് അനുകൂലികൾക്കെതിരെ നിലപാട് കടുപ്പിച്ച് സമസ്ത നേതൃത്വം. സംഘടനയുടെ പേരിൽ വിഭാഗീയത വളർത്താൻ ആരും ശ്രമിക്കേണ്ടതില്ലെന്ന് ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുറന്നടിച്ചു. സമസ്ത പോഷക സംഘടനകളുടെ സംയുക്ത നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷൻ ടൗൺഹാളിൽ നടത്തിയ പരിപാടിയിൽ ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ളവരെ നിശിതമായി വിമർശിച്ചിരുന്നു. ലീഗ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സംഘടനയാണിത്. ഇതിന് മറുപടിയായാണ് ജിഫ്രി തങ്ങൾ സംസാരി ച്ചത്.
നിക്ഷിപ്ത താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് സമസ്തയിൽ ഇടമുണ്ടാകില്ല. സമൂഹ മാധ്യമങ്ങൾക്ക് പിറകേപോയി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും സമസ്തയെ നയിക്കാൻ അതിന്റെ നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി.