ന്യൂഡൽഹി
മഹാരാഷ്ട്രയിലെ മറാത്ത സംവരണ വിഷയം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന എൻഡിഎ സർക്കാർ തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർവകക്ഷി യോഗം വിളിക്കേണ്ടതെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. മറാത്ത സമുദായക്കാർക്ക് സംവരണം ഉറപ്പാകുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സാമൂഹ്യപ്രവർത്തകനായ മനോജ് ജാരംഗെ പാട്ടീൽ അറിയിച്ചു.
ശിവസേനയെയും എൻസിപിയെയും പിളർത്തി സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് മറാത്ത സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം വലിയ തലവേദനയായി മാറുകയാണ്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫദ്നാവിസിനെതിരായി സംവരണ പ്രക്ഷോഭകർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ശിവസേനയെ പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയും എൻസിപിയെ പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരുവരും മറാത്ത വിഭാഗക്കാരാണ്.
മറാത്തകളെ നിലവിൽ സംവരണം ലഭിക്കുന്ന കുൻമ്പി വിഭാഗക്കാരായി പരിഗണിച്ച് സംവരണം ഉറപ്പാക്കണമെന്നാണ് മനോജ് ജാരംഗെയുടെയും അനുയായികളുടെയും ആവശ്യം. നിസാമിന്റെ ഭരണകാലത്ത് കുൻമ്പികളാണെന്ന് തെളിയിക്കുന്ന രേഖകളുള്ള മറാത്തകൾക്ക് സംവരണം നൽകാമെന്ന് മുഖ്യമന്ത്രി ഷിൻഡെ അറിയിച്ചെങ്കിലും പ്രക്ഷോഭകർ അംഗീകരിച്ചില്ല. എല്ലാ മറാത്തകൾക്കും കുൻമ്പി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ജാരംഗെയുടെ ആവശ്യം. നേരത്തെ മറാത്തകൾക്ക് 12 ശതമാനം സംവരണം അനുവദിച്ച് സർക്കാർ നിയമം കൊണ്ടുവന്നിരുന്നെങ്കിലും സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു.