ന്യൂഡൽഹി
ആയുഷ് മരുന്നുനിർമാണ കമ്പനികളുടെ തെറ്റായ അവകാശവാദങ്ങളോടെയുള്ള പരസ്യങ്ങൾ തടയുന്നതിന് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഉൾപ്പെടുത്തിയ ചട്ടം കേന്ദ്രസർക്കാർ പിൻവലിച്ചു. ആയുർവേദ, സിദ്ദ, യുനാനി ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (അസുഡ്ടാബ്) ഉപദേശപ്രകാരമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ചട്ടം 170 പിൻവലിച്ചിരിക്കുന്നത്.
ആയുഷ് കമ്പനികൾ തയ്യാറാക്കുന്ന പരസ്യങ്ങൾ ബന്ധപ്പെട്ട സംസ്ഥാനത്തെ ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ പ്രസിദ്ധപ്പെടുത്താവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ചട്ടം. 1954ലെ ഡ്രഗ്സ് ആൻഡ് മാജിക്ക് റെമഡീസ് (തെറ്റായ പരസ്യങ്ങൾ) നിയമവും ഉപഭോക്തൃസംരക്ഷണ നിയമവും നിലവിലുള്ളപ്പോൾ തെറ്റായ പരസ്യങ്ങൾ തടയുന്നതിന് മറ്റൊരു ചട്ടത്തിന്റെ ആവശ്യം ഇല്ലെന്ന ആയുഷ് കമ്പനി പ്രതിനിധികളുടെ വാദം അംഗീകരിച്ചാണ് നടപടി.
എന്നാൽ ആയുഷ് കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്ന രണ്ട് നിയമവും തെറ്റായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം ഇടപെടൽ സാധ്യമായവ ആണെന്ന് വിവരാവകാശ പ്രവർത്തകൻ ഡോ. കെ വി ബാബു പറഞ്ഞു. ചട്ടം ഒഴിവാക്കിയതിലൂടെ തെറ്റായ അവകാശവാദങ്ങളോടെയുള്ള പരസ്യങ്ങളുടെ കുത്തൊഴുക്കിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.